എഴുകോൺ : എഴുകോൺ മുക്കണ്ടത്തിന് സമീപം ജലജീവൻ പദ്ധതിയിലെ പൈപ്പിടാനെടുത്ത കുഴി മൂടി. ജല വകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം കരാറുകാരനാണ് കുഴി മൂടി റോഡ് പൂർവസ്ഥിതിയിലാക്കിയത്. പൈപ്പിടാൻ കുഴിയെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിടാത്തതിനെ കുറിച്ച് ഇന്നലെ കേരള കൗമുദി വാർത്ത നൽകിയിരുന്നു. പൊതുവേ വീതി കുറഞ്ഞ റോഡിൽ യാത്രക്കാർ ദുരിതത്തിലായതിനെ കുറിച്ചായിരുന്നു വാർത്ത.

മുന്നൊരുക്കങ്ങളോ, ഏകോപനമോ ഇല്ല

ജല വിതരണ കുഴലുകൾ സ്ഥലത്തെത്തിക്കാതെയാണ് കരാറുകാരൻ കുഴിയെടുത്തത്. പി.വി.സി പൈപ്പുകളുടെ ഗുണനിലവാര പരിശോധന പോലും പൂർത്തിയായിരുന്നില്ല. പി.വി.സി പൈപ്പിന് പകരം ജി.ഐ പൈപ്പിടാൻ ശ്രമിച്ചെങ്കിലും പൈപ്പ് ബെൻഡിംഗ് മെഷീൻ തകരാറിലായതിനാൽ ഇതും മുടങ്ങി. ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനോ, പുതിയ മെഷീൻ എത്തിക്കാനോ കഴിഞ്ഞില്ല. നേരത്തെ ആരംഭിച്ച റോഡിന്റെ അറ്റകുറ്റപ്പണി പാതി വഴിക്ക് നിറുത്തേണ്ട സ്ഥിതിയും ഉണ്ടായി.

കരാർ ജോലികൾ സമയ ബന്ധിതമായി ആരംഭിച്ച് പൂർത്തീകരിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളോ, ഏകോപനമോ ഉണ്ടാകുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. അതിന്റെ ഉത്തമോദാഹരണമാണ് എഴുകോണിലെ കുഴിയെടുപ്പും പിന്നാലെ നടന്ന കുഴിയടപ്പും .