bike

 മോഷണബൈക്കിൽ മാല മോഷണം

കൊല്ലം: നഗരത്തിൽ വാഹനമോഷണം നിർബാധം തുടരുമ്പോഴും പൊലീസിന് അറിഞ്ഞഭാവമില്ല. കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത് പൊലീസ് ക്വാട്ടേഴ്സിൽ നിന്നായിരുന്നു. ഈ വാഹനത്തിൽ സഞ്ചരിച്ച് തലസ്ഥാനത്ത്

മാലപൊട്ടിക്കൽ ഉൾപ്പെടെ മോഷണം നടത്തിയതായി കണ്ടെത്തിയെങ്കിലും ബൈക്ക് പിടികൂടാൻ കഴിഞ്ഞില്ല.

ഈ മാസം ഒന്നിന് രാവിലെ 4 മണിയോടെയാണ് ക്വാട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രണ്ടു പേർ ചേർന്ന് കടത്തിക്കൊണ്ടുപോയത്. സി.സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ഇതേ നമ്പരിലുളള വാഹനം ഉപയോഗിച്ച് തിരുവനന്തപുരത്ത് മാല മോഷണം നടത്തിയതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം താലൂക്ക് കച്ചേരി ജംഗ്ഷനിൽ വ്യാപാരം നടത്തുന്നയാളിന്റെ സ്കൂട്ടർ പട്ടാപ്പകൽ കടത്തിക്കൊണ്ട് പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ

ഇതേ വാഹനം ഉപയോഗിച്ച് അയത്തിൽ ഭാഗത്ത് മോഷണം നടത്തുന്നതായി വിവരം ലഭിച്ചു. ഇതോടെ മോഷണവിവരം കടയുടമ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ കാണാതായ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ പാരിപ്പള്ളിയിൽ നിന്നും വാഹനം മോഷണം പോയി.

റെയിൽവേ സ്റ്റേഷന് സമീപം വാഹനം വച്ചിട്ട് ട്രെയിൻ കയറുന്നവരാണ് മോഷ്ടാക്കളുടെ നോട്ടപ്പുള്ളികൾ. യാത്രക്കാരൻ ട്രെയിൻ കയറിയതും മോഷ്ടാക്കൾ വാഹനവുമായി മുങ്ങും. അതിൽ സഞ്ചരിച്ചായിരിക്കും പിന്നെ മോഷണം.

സാമൂഹ്യവിരുദ്ധരുടെ താവളം

നഗരമദ്ധ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് എതിർവശത്തുള്ള പൊലീസ് ക്വാട്ടേഴ്സും പരിസരവും മോഷ്ടാക്കളുടെ മാത്രമല്ല,​ സാമൂഹ്യവിരുദ്ധരുടെ തന്നെ താവളമാണ്.

രാത്രിയിൽ സ്ത്രീകൾ മാത്രമുളള വീടുകളിൽ കോളിംഗ് ബെൽ അമർത്തിയ ശേഷം മാറി നിൽക്കുന്ന സംഭവങ്ങളും പതിവാണ്. ബെൽ കേട്ട് സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മാല പൊട്ടിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.ശബ്ദം കേട്ട്

മറ്റു വീടുകളിൽ നിന്ന് ആളുകൾ ഓടിയെത്തുമ്പേഴേയ്ക്കും ക്വാട്ടേഴ്സിന്റെ പിന്നിലെ ഉയരം കുറഞ്ഞ മതിൽ ചാടി റെയിൽവേ ട്രാക്ക് വഴി സംഘം ഇരുളിൽ മറയും.

.