കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാമലയിൽ സ്ഥാപിച്ച മാതൃകാ നെൽവിത്ത് ഉത്പാദന കേന്ദ്രം പ്രവർത്തനമില്ലാതെ കാടുമൂടി നശിക്കുന്നു. പഞ്ചായത്തിലെ മറ്റ് സർക്കാർ ഓഫീസുകൾക്ക് മതിയായ കെട്ടിട സംവിധാനങ്ങളില്ലാതെ വീർപ്പുമുട്ടുമ്പോഴാണ് ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഈ കെട്ടിടം ഉപയോഗമില്ലാതെ നശിക്കുന്നത്. പുല്ലാമലയ്ക്കും ആനക്കോട്ടൂരിനും ഇടയിലായി ആരോഗ്യ കേന്ദ്രത്തിന് സമീപത്തായി റോഡരികിലാണ് രണ്ട് പതിറ്റാണ്ട് മുൻപ് നെൽവിത്ത് ഉത്പാദന കേന്ദ്രം സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആർ.ചന്ദ്രമോഹനനാണ് അന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം കാര്യമായ പ്രവർത്തനം നടന്നില്ല. ആദ്യനാളുകളിൽ കൃഷിഭവനിൽ നിന്നുമുള്ള തൈകളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നു. മുറിയ്ക്കുള്ളിലിരുന്ന മിക്കവയും ഉണങ്ങിപ്പോവുകയും ചെയ്തു. കൃഷി ഭവനും നെൽവിത്ത് ഉത്പാദന കേന്ദ്രവുമായി ദൂരക്കൂടുതൽ ഉള്ളതിനാൽ ഉദ്യോഗസ്ഥരാരും ഇവിടേക്ക് തിരിഞ്ഞു നോക്കാതെയായി.

സാക്ഷരതാ കേന്ദ്രമാക്കി

പ്രവർത്തനമില്ലാതെ നശിച്ചുകൊണ്ടിരുന്ന സീഡ് ഫാം കെട്ടിടത്തിൽ പഞ്ചായത്തിന്റെ സാക്ഷരതാ തുടർ വിദ്യാകേന്ദ്രം തുടങ്ങിയിരുന്നു. മാസങ്ങളോളം ബന്ധപ്പെട്ട പ്രേരക് ഇവിടെ വന്നുപോയി. പതിയെ സാക്ഷരതാ കേന്ദ്രവും പൂട്ടി.

സാമൂഹ്യ വിരുദ്ധരുടെ താവളം

ഉപയോഗമില്ലാതെ നശിക്കുന്ന കെട്ടിടം മദ്യപൻമാരുടെയും മറ്റ് സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്ന് പണ്ടുമുതൽക്കേ പരാതികളുണ്ട്. കെട്ടിടത്തിന് മുകളിൽപ്പോലും സാമൂഹ്യവിരുദ്ധർ കയറാറുണ്ട്. പിൻഭാഗത്ത് ആരുടെയും ശ്രദ്ധ ചെല്ലാത്തതിനാൽ അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായാണ് പരാതികൾ. കെട്ടിടത്തിന്റെ നാലുചുറ്റും കാട് വളർന്നത് വെട്ടി വൃത്തിയാക്കാൻപോലും പഞ്ചായത്ത് അധികൃതർ താത്പര്യമെടുക്കുന്നില്ല.

വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, സാക്ഷരത ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയടക്കം പഞ്ചായത്തിലെ മിക്ക സർക്കാർ സംവിധാനങ്ങളും അസൗകര്യങ്ങളുടെ നടുവിലാണ്. വേണ്ടത്ര സൗകര്യമുള്ള ഈ കെട്ടിടം പ്രയോജനപ്പെടുത്താമെന്നിരിക്കെ പഞ്ചായത്ത് അധികൃതർ മുൻകൈയെടുക്കുന്നില്ല.

പുല്ലാമലയിൽ റോഡരികിലായുള്ള സീഡ് ഫാമിന്റെ കെട്ടിടം കാടുമൂടി നശിക്കുകയാണ്. അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി മറ്റ് ഏതെങ്കിലും ഓഫീസ് പ്രവർത്തിപ്പിക്കാൻ അധികൃതർ ഇടപെടണം. പബ്ളിക് ലൈബ്രറി സ്ഥാപിച്ചാലും നല്ലത്.

(ഷൈജു ആനക്കോട്ടൂർ, കേരളകൗമുദി ഏജന്റ്)