railway
എഴുകോൺ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് റോഡിലേക്ക് വളർന്നിറങ്ങിയ കാട് .

എഴുകോൺ : ദേശീയ പാതയിലെ എഴുകോൺ മേഖലയിൽ ഗതാഗതത്തിന് ബുദ്ധിമുട്ടാകും വിധം തിങ്ങി വളർന്ന കാടു നീക്കുന്നതിൽ തർക്കവും അവ്യക്തതയും . ദേശീയ പാത, റെയിൽവേ, ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കിടയിലാണ് അവ്യക്തത . എഴുകോൺ കല്ലുംപുറം മുതൽ അമ്പലത്തുംകാല വരെ കാൽ നടയാത്ര അസാധ്യമാക്കും വിധം പാതയോരം കാടുമൂടിയതിൽ വ്യാപക പരാതി ഉയർന്നിരുന്നു.

കാട് തെളിക്കുന്നതിന് ഫണ്ടില്ലെന്ന ന്യായത്തിലാണ് ദേശീയ പാത അധികൃതരെന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെ പരാതി.

തൊഴിലുറപ്പ് പാതയോരം തെളിക്കാനല്ല

നിബന്ധനകളും നിയന്ത്രണങ്ങളും ഉള്ളതിനാൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാട് തെളിക്കുന്നതിനും പരിമിതിയുണ്ട്. പാതയോരം തെളിക്കൽ പോലുള്ള അനധികൃത വേലകൾക്ക് തൊഴിലുറപ്പ് ദുരുപയോഗം ചെയ്യരുതെന്ന നിലപാടിലാണ് എൻ.ആർ. ഇ.ജി.എസ് മിഷൻ അധികൃതരും.

റെയിൽവേ കാട് നീക്കുന്ന പതിവില്ല

എഴുകോൺ മേഖലയിൽ റെയിൽവേ പുറമ്പോക്കിൽ നിന്നാണ് കാടും പടലും റോഡിലേക്ക് പടരുന്നത്. റെയിൽവേ അധികൃതർ സാധാരണയായി ഇത് നീക്കാറില്ല.

പാതയോരത്തെ കാടിന്റെ മറവിൽ മാലിന്യം വ്യാപകമായി വലിച്ചെറിയുന്നതും പരാതിക്കിടയാക്കിയിട്ടുണ്ട്. സാനിട്ടറി വേസ്റ്റുകളടക്കമാണ് തള്ളുന്നത്.റെയിൽവേ ട്രാക്കിനോട് ചേർന്ന് ഒട്ടുമിക്കയിടങ്ങളിലും മാലിന്യം കൂടി കിടക്കുന്ന നിലയുമുണ്ട്. അപ് ഹോൾസ്റ്ററി സ്ഥാപനങ്ങളിൽ നിന്നും മറ്റും ചാക്കിൽ കെട്ടിയാണ് അവശിഷ്ടങ്ങൾ കൊണ്ടിടുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന മാലിന്യം തള്ളൽ അവസാനിപ്പിക്കാനും പാതയോര കാട് തെളിക്കൽ അനിവാര്യമാണ്.