കൊല്ലം: കിളികൊല്ലൂരിൽ വൃദ്ധയെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ നാല് യുവാക്കൾ പൊലീസിന്റെ പിടിയിലായി. അയത്തിൽ നേതാജി നഗർ 89 ൽ ചരുവിള വീട്ടിൽ അജിത് (23), പെരിനാട് കാരിക്കൽ തെക്കതിൽ അതുൽ ജോയി (22), മാങ്ങാട് വില്ലേജിൽ മാങ്ങാട് ചേരിയിൽ റോസ് നഗർ മഞ്ജു ഭവനിൽ അഖിൽ വിനോദ്(18), തൃക്കടവൂർ വില്ലേജിൽ നീരാവിൽ ചേരിയിൽ കരോട്ട് കിഴക്കേതിൽ സഫാന (22)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മങ്ങാട് പള്ളിയിൽ കുർബാനയ്ക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ വൃദ്ധയുടെ 10.5 പവന്റെ മാല പൊട്ടിച്ച് ഓടി പോകുകയായിരുന്നു. കിളികൊല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സിറ്റി പൊലീസ് മേധാവി രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം 200 ൽ പരം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.