കൊല്ലം: കേരളത്തിലെ കായിക രംഗത്തിന് കെ. തങ്കപ്പൻ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കെ.തങ്കപ്പൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ക്യു.എ.സി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ.തങ്കപ്പൻ മികച്ച സംഘാടകൻ കൂടിയായിരുന്നു. ചെറുപ്പകാലത്ത് കായിക രംഗത്ത് സജീവമായിരുന്ന തനിക്ക് അദ്ദേഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്യു.എ.സി പ്രസിഡന്റ് കെ. അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ, മുൻ മേയർ എൻ. പത്മലോചനൻ, കോർപ്പറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷൻ എ.കെ. സവാദ്, ക്യു.എ.സി സെക്രട്ടറി ജി.രാജ്മോഹൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് സോമരാജൻ എന്നിവർ സംസാരിച്ചു. കെ.തങ്കപ്പൻ സ്മാരക കാഷ് അവാർഡും പുരസ്കാരവും മന്ത്രി വിതരണംചെയ്തു.
മികച്ച അത്‍ലറ്റിനുള്ള പുരസ്കാരം ആഷ്‍ലിൻ അലക്സാണ്ടറും മികച്ച ഫുട്ബാളറിനുള്ള പുരസ്കാരം ടി.ഷിജിനും ഏറ്റുവാങ്ങി.
തുടർന്ന്, ക്യു.എ.സി നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണയോഗം നടന്നു. ചെയർമാനായി എം.നൗഷാദ് എം.എൽ.എയെയും ജനറൽ കൺവീനറായി കെ.അനിൽകുമാർ അമ്പലക്കരയെയും തിരഞ്ഞെടുത്തു.