ksrtc

കൊല്ലം: അഷ്ടമുടി കായലിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുന്ന സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ ഹൈടെക്ക് ആക്കാൻ 34 കോടി രൂപയുടെ പ്രാഥമിക രൂപരേഖയായി.
സ്വകാര്യ കൺസൾട്ടൻസി തയ്യാറാക്കിയ രൂപരേഖ കെ.എസ്.ആർ.ടി.സി അധികൃതർ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് പരിഷ്കരിച്ച ശേഷം കിഫ്ബിക്ക് കൈമാറും.
നിലവിലെ ഡിപ്പോ കെട്ടിടം പൊളിച്ചുനീക്കി ലിങ്ക് റോഡിനോട് ചേർന്നുള്ള ഭാഗത്ത് വിനോദ സംവിധാനങ്ങളോട് കൂടിയ പാർക്ക്, പാർക്കിംഗ് ഏരിയ, തൊട്ടുചേർന്ന് അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വാദിക്കാൻ കഴിയുന്ന തരത്തിലുള്ള ബഹുനില കെട്ടിടമാണ് രൂപരേഖയിലുള്ളത്.
അഷ്ടമുടിക്കായലിന് അഭിമുഖമായുള്ള ഭാഗത്ത് ഷോപ്പിംഗ് കോംപ്ലോക്സും മുകളിൽ സഞ്ചാരികൾക്ക് തങ്ങാനുള്ള ആധുനിക നിലവാരത്തിലുള്ള മുറികളും ഉണ്ടാകും. മറുഭാഗത്ത് നിലവിൽ ഗ്യാരേജ് കൂടി സ്ഥിതി ചെയ്യുന്ന സ്ഥലം പ്രയോജനപ്പെടുത്തി ഡിപ്പോ ഓഫീസുമാണ് രൂപരേഖയിലുള്ളത്. നിലവിൽ ഡിപ്പോ കെട്ടിടത്തിൽ പരിമിതമായ കടമുറികൾ മാത്രമാണുള്ളത്. സ്ഥലത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തി ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്ന സമുച്ചയമാണ് ലക്ഷ്യമിടുന്നത്.

വികസന വഴിയിൽ

 2021- 22ലെ ബഡ്ജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ആധുനികവത്കരണം

 രൂപരേഖ തയ്യാറാക്കാൻ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനെ (സിൽക്) ചുമതലപ്പെടുത്തി
 കഴിഞ്ഞ ജൂണിൽ രൂപരേഖ തയ്യാറാക്കാൻ സംവിധാനമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു
 തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി

പഴക്കം അര നൂറ്റാണ്ട്

നിലവിലെ ഡിപ്പോ കെട്ടിടത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. മേൽക്കൂരയിലെയും ഭിത്തികളിലെയും സിമന്റ് പാളികൾ നിരന്തരം അടർന്നുവീഴുന്നുണ്ട്. വനിതാ ജീവനക്കാർക്കും യാത്രക്കാർക്കും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളുമില്ല. ഇതിനാൽ കൊല്ലത്തിന് പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസ് കൊട്ടാരക്കരയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ക്യാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കി അവിടെ പുതിയ കെട്ടിടം നിർമ്മിക്കാൻ എം.മുകേഷ് എം.എൽ.എ അഞ്ചുകോടി നീക്കിവച്ചിരുന്നു. പക്ഷെ കെ.എസ്.ആർ.ടി.സി അധികൃതർ താല്പര്യം കാണിച്ചില്ല. അതിനിടിയിലാണ് ബഡ്ജറ്റ് പ്രഖ്യാപനം വന്നത്. ഡി.പി.ആർ വൈകിയതോടെ എം.എൽ.എ വീണ്ടും പഴയ പദ്ധതിക്കായുള്ള സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് ഇപ്പോൾ പ്രാഥമിക രൂപരേഖ തയ്യാറായിരിക്കുന്നത്.