കൊല്ലം: പ്രതിഭകളെ ലഹരിക്ക് അടിമയാക്കാൻ മയക്കുമരുന്ന് മാഫിയ ഗൂഢ നീക്കം നടത്തുന്നതായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു. കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനും കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പുരോഗതി തടസപ്പെടുത്തുകയാണ് ലഹരി വ്യാപിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം. അമേരിക്കൻ ചാര സംഘടനയ്ക്ക് ഇതിൽ ബന്ധമുണ്ട്. സമീപകാലത്ത് യു.പി സ്കൂൾ വിദ്യാർത്ഥിനികളിൽ നിന്ന് പോലും ലഹരിവസ്തുക്കൾ കണ്ടെടുക്കുന്ന സ്ഥിതിയുണ്ടായി. പണ്ട് പെൺകുട്ടികളും സ്ത്രീകളും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറി. രക്ഷാകർത്താക്കൾ വലിയ സ്വപ്നങ്ങളോടെയാണ് മക്കളെ വളർത്തുന്നത്. ഒരു കുട്ടി ലഹരിക്ക് അടിമപ്പെടുമ്പോൾ ആ കുടുംബമാകെ തകരും. പലരും തമാശയ്ക്കാണ് ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീട് അടിമയായി മാറും. ഒരിക്കലും ലഹരിക്ക് അടിമയാകില്ലെന്ന ഉറച്ച തീരുമാനം ഓരോ വ്യക്തികളുമെടുക്കണം. ലഹരിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നവരെ നേർവഴിയിലേക്ക് കൊണ്ടുവരണം. നല്ല സ്വപ്നങ്ങൾ കാണണം. ആ സ്വപ്നങ്ങൾ യാർത്ഥ്യമാക്കുന്നത് ലഹരിയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, കേരളകൗമുദി തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂർ, സിവിൽ എക്സൈസ് ഓഫീസർ എച്ച്.ചാൾസ് തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി സ്വാഗതവും കരുനാഗപ്പള്ളി ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂൾ പ്രിൻസിപ്പൽ എസ്.സിനിറാണി നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥിനികളായ വൈഷ്ണവി, രുക്മിണി, അഭിരാമി എന്നിവരുടെ ഗുരുസ്മരണയോടെയാണ് സെമിനാർ ആരംഭിച്ചത്. എക്ണോമിക്സ് വിഭാഗം മേധാവി അംബികാദേവി, യൂണിയൻ വനിതാസംഘം സെക്രട്ടറി മധുകുമാരി, ഓച്ചിറ മേമന ശാഖ പ്രസിഡന്റ് ആർ.രാജീവൻ, സുരേഷ് ബാബു തുടങ്ങിയവരും പങ്കെടുത്തു.

ഇന്ത്യ പല കാര്യങ്ങളിലും ലോകത്തിന്റെ നെറുകയിലാണ്. എന്നാൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിവ്യാപനം. പൗരന്മാരുടെ ആരോഗ്യമാണ് രജ്യത്തിന്റെ വലിയ സമ്പത്ത്. ജനങ്ങളെ ഭ്രാന്തന്മാരാക്കുകയെന്ന ലക്ഷ്യമാണ് മയക്കുമരുന്ന് വ്യാപനത്തിന് പിന്നിൽ. കുട്ടികളെ ലഹരിക്ക് അടിമയാക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ ക്രൂരമായ ചിന്ത തിരിച്ചറിയണം.

കെ. സുശീലൻ, എസ്.എൻ.ഡി.പി യോഗം

കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ്

ഓൺലൈൻ സംവിധാനങ്ങൾ വന്നതോടെ ന്യൂനപക്ഷം വരുന്ന വിദ്യാർത്ഥികളും ചെറുപ്പക്കാരും വഴിതെറ്റുകയാണ്. മാരക ലഹരി വസ്തുക്കൾ ഓൺലൈനായി ലഭിക്കുന്ന സ്ഥിതിയുണ്ട്. കേട്ടുകേഴ്‌വി പോലുമില്ലാത്ത ലഹരിപദാർത്ഥങ്ങളുമായാണ് ഇപ്പോൾ പലരും പിടിക്കപ്പെടുന്നത്. കൂട്ടായ ഇടപെടലിലൂടെ ലഹരിവ്യാപനത്തെ പ്രതിരോധിക്കണം.

കോട്ടയിൽ രാജു, കരുനാഗപ്പള്ളി

മുനിസിപ്പൽ ചെയർമാൻ

വിദേശരാജ്യങ്ങളിലെ വമ്പൻ കമ്പനികളിൽ ഉന്നത ഉദ്യോഗങ്ങളിൽ ഇന്ത്യക്കാരായ യുവാക്കളും പ്രത്യേകിച്ച് മലയാളികളും എത്തുന്ന കാലമാണ്. ഇത് തകർക്കുയെന്ന ലക്ഷ്യമാണ് ലഹരിവ്യാപനത്തിന് പിന്നിൽ. നന്നായി പഠിക്കുന്ന വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് ലഹരിക്ക് അടിമയാക്കാൻ ഗൂഢമായ നീക്കങ്ങൾ നടക്കുന്നുണ്ട്.

എസ്. ശോഭനൻ, എസ്.എൻ.ഡി.പി യോഗം

കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ്

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ കുത്തനെ വർദ്ധിച്ചു. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പെൺകുട്ടികളുടെ എണ്ണവും ഉയർന്നിരിക്കുന്നു. ഒന്നാംലോക മഹായുദ്ധകാലത്ത് ശത്രുക്കളെ ക്രൂരമായി വോട്ടയാടാനുള്ള മാനസികാവസ്ഥയിൽ പട്ടാളക്കാരെ എത്തിക്കാൻ സ്വന്തം രാജ്യം തന്നെ നൽകിയ ലഹരിപദാർത്ഥങ്ങളുടെ പുതിയ രൂപങ്ങളാണ് ഇപ്പോൾ ലോകമാകെ പടരുന്നത്.

എച്ച്. ചാൾസ്, സിവിൽ എക്സൈസ് ഓഫീസർ

വിദ്യാർത്ഥികൾ ലഹരിക്ക് അടിമയാകുമ്പോൾ തകരുന്നത് രാജ്യത്തിന്റെ ഭാവിയാണ്. അത് തന്നെയാണ് ലഹരിവ്യാപനത്തിന് പിന്നിലുള്ള ലക്ഷ്യവും. ലഹരിയെ പ്രതിരോധിക്കേണ്ടത് രാജ്യപുരോഗതിയുടെ കൂടി ആവശ്യമാണ്.

എസ്. സിനിറാണി, പ്രിൻസിപ്പൽ, കരുനാഗപ്പള്ളി

ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂൾ

ലഹരി തകർത്ത ജീവിതങ്ങൾ

നിരത്തി പി.എൽ.വിജിലാൽ

മാരക മയക്കുമരുന്നുകളുടെ ഉപയോഗം തകർത്ത ജീവിതങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ച് സദസിന്റെ ഹൃദയങ്ങളിൽ ലഹരിയെ ജീവിതത്തിന്റെ പടിക്ക് പുറത്താക്കണമെന്ന പ്രതിജ്ഞയിലേക്ക് നയിക്കുന്നതായിരുന്നു കരുനാഗപ്പള്ളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ ബോധവത്കരണ ക്ലാസ്.

പുതുതായി കണ്ടെത്തുന്ന ലഹരി വസ്തുക്കൾ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാരകമായ ലഹരിവസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പരസ്പരം ചർച്ച ചെയ്യണം. യൂറോപ്പിൽ നടത്തിയ പഠനത്തിൽ തീവ്രതയുടെ കാര്യത്തിൽ എം.ഡി.എം.എ പതിനെട്ടാം സ്ഥാനത്തായിരുന്നു. അതിനേക്കാൾ കൂടുതൽ തീവ്രതയുള്ള ലഹരിപദാർത്ഥങ്ങൾ ഇപ്പോൾ വ്യാപിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചാൽ എഴുത്തുകാരനും കവിയും പ്രഭാഷകനും ആകാൻ കഴിയുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ലഹരി മഹാപ്രതികളുടെ ജീവിതമൊന്നാകെ തകർത്തിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.