 
പുനലൂർ: ആര്യങ്കാവ് ,അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രങ്ങളിലെ അയ്യപ്പ വിഗ്രഹങ്ങളിൽ ചാർത്തുവാനുള്ള തിരുവാഭരണവും വഹിച്ച് കൊണ്ടുള്ള ഘോഷയാത്രക്ക് നൂറ് കണക്കിന് ഭക്ത ജനങ്ങൾ ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. ഇന്നലെ രാവിലെ പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പൂപ്പന്തലിൽ തീരുവാഭരണങ്ങൾ ഭക്തജനങ്ങൾക്ക് തൊഴാൻ വച്ചു. തുടർന്ന് രണ്ട് പേടകങ്ങളിലാക്കിയ തിരുവാഭരണം നിരവധി വാഹനങ്ങളുടെയും ഭക്തജനങ്ങളുടെയും പൊലീസിന്റെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ക്ഷേത്രോപദേശക സമിതി ഭാരവാഹികളുടെയും അകമ്പടിയോടെ പുറപ്പെട്ടു. പുനലൂർകെ.എസ്.ആർ.ടി.സി, ടി.ബി.ജംഗ്ഷൻ,തെന്മല,ഇടപ്പാളയും തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഭക്ത ജനങ്ങൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം ആര്യങ്കാവ് ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണം പാലരുവിയിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ വച്ചു. തുടർന്ന് വൈകിട്ട് 5മണിയോടെ മുത്തുക്കുട, അലങ്കരിച്ച വാഹനങ്ങൾ, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ ഭക്ത ജനങ്ങൾ ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്ര സന്നിധിയിൽ എത്തിച്ചു.തുടർന്ന് സന്ധ്യക്ക് തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധനയും ദീപക്കാഴ്ചയും നടത്തി. അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര കോട്ടവാസൽ, പുളിയറ ,ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തിയ ശേഷം തിരികെ തമിഴ്നാട് പൊലീസിന്റെ അകമ്പടിയോടെ തിരുമലകോവിൽ, കറുപ്പ സ്വാമി ക്ഷേത്രം, കുംഭാവരുട്ടി, വഴി അച്ചൻകോവിൽ ഹൈസ് സ്കൂൾ ജംഗ്ഷനിൽ എത്തി.തുടർന്ന് പഞ്ചവാദ്യം, മുത്തുക്കുട,താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലെത്തിച്ച്. സന്ധ്യയോടെ തിരുവാഭരണം ചാർത്തിയ ശേഷം ദീപാരാധനയും ദീപക്കാഴ്ചയും നടത്തി. അതോടെ രണ്ട് ക്ഷേത്രങ്ങളിലെയും പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവങ്ങൾക്കും തുടക്കമായി.