കൊല്ലം: കടമ്പാട്ടുകോണം - ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാതയുടെ (744) സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ദേശീയപാത - വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നാളെ നടക്കും.
പുനലൂർ മുതൽ ആര്യങ്കാവ് വരെ വനമേഖലയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് പരിശോധന. കടമ്പാട്ടുകോണം മുതൽ ചടയമംഗലം വരെ റോഡിന്റെ അതിർത്തി തിരിച്ച് കല്ലിടുന്ന ജോലി പൂർത്തിയായി. ചടയമംഗലം മുതൽ ആര്യങ്കാവ് വരെയുള്ള കല്ലിടൽ ഉടൻ ആരംഭിക്കും. ഭൂമി ഏറ്റെടുക്കാൻ കരട് വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ 11 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഇറങ്ങിയത്. ആക്ഷേപങ്ങൾ 21വരെ ഡെപ്യൂട്ടി കളക്ടർ കെ.ആർ.മിനിക്ക് നൽകാം.
കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 59.712 കിലോ മീറ്റർ ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കൊട്ടാരക്കര താലൂക്കിൽ 290.94 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 2400 കോടി രൂപയാണ് ചെലവഴിക്കുക. ഉത്തർപ്രദേശിലെ ചൈതന്യ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ് പദ്ധതിരേഖ തയ്യാറാക്കിയത്.
നാലുവരിപ്പാത വീതി - 26 മീറ്റർ
സർവീസ് റോഡ് - 7 മീറ്റർ
വലിയ പാലങ്ങൾ - 20
ചെറിയ പാലങ്ങൾ - 16
അടിപ്പാതകൾ - 45
കലുങ്കുകൾ - 91
ബസ്‌വേ - 2
ബസ് ഷെൽട്ടറുകൾ - 28