rrrrrrrrrrrrrrrrrrrr
പരവൂർ നഗരത്തിലെ ഗതാഗതക്കുരുക്ക്

 സി.സി ടി.വികളിൽ അധികവും നോക്കുകുത്തി

പരവൂർ : മണിക്കൂറുകളോളം നഗരം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പരവൂരിൽ നിത്യസംഭവമാണ്. പരവൂർ ജംഗ്ഷൻ, തെക്കുംഭാഗംറോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, ചാത്തന്നൂർ -പരവൂർ വൺവേ എന്നിവിടങ്ങളിലെ കുരുക്കാണ് നഗരത്തെ മുഴുവൻ വട്ടംചുറ്റിക്കുന്നത്. അനധികൃത പാർക്കിംഗ് ആണ് നഗരത്തിലെ എല്ലാ ഗതാഗതപ്രശ്‌നങ്ങൾക്കും കാരണം. എന്നാൽ,​ അത് പരിഹരിക്കാൻ അധികൃതർ ചെറുവിരൽ പോലും അനക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

വീതി കുറഞ്ഞ റെയിൽവേ സ്റ്റേഷൻ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെടാറുണ്ട്. മാർക്കറ്റ് റോഡിലാണെങ്കിൽ രാവിലെ മുതൽ ഉച്ചവരെ കുരുക്കാണ്. വലിയ ലോറികൾ റോഡരികിൽ നിർത്തി കടയിലേയ്ക്ക് ചരക്കിറക്കുന്നതാണ് ഇവിടത്തെ പ്രശ്നം. ചെറുവാഹനങ്ങൾ കുരുക്കിൽപ്പെടുന്നതോടെ കാൽനടപോലും ദുഷ്ക്കരമായി മാറും.

അന്യവാഹനങ്ങൾ പ്രവേശിക്കരുതെന്ന് മുനിസിപ്പൽ ബസ്‌സ്റ്റാൻഡിന് മുന്നിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ്‌കാത്തുനിൽക്കുന്നവരുടെ കൺമുന്നിലൂടെ ബൈക്കുകളിലും മറ്റുവാഹനങ്ങളിലും ചീറിപ്പായുന്നവരുടെ എണ്ണവും കുറവല്ല.

ചാത്തന്നൂരിൽ നിന്ന് മേൽപ്പാലം വഴി പരവൂരിലെത്തുന്ന റോഡ് വൺവേയാണ്. എന്നാൽ,​ വൺവേ തെറ്റിച്ച് വലിയവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നത് കുരുക്ക് മാത്രമല്ല,​ അപകടങ്ങളും വിളിച്ചുവരുത്തുന്നു. എന്നാൽ,​ ഇതൊന്നും അധികൃതർ അറിഞ്ഞമട്ടില്ല.

കണ്ണടച്ച് കാമറകൾ

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിൽ അധികവും പ്രവർത്തനരഹിതമാണ്. മാത്രമല്ല,​ നഗരസഭാ കാര്യാലയത്തിൽ നിന്ന് മാത്രമേ കാമറകളെ നിരീക്ഷിക്കാനും കഴിയു. കാമറയുടെ മോണിട്ടർ പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

.......................................................................................................................

ഒരുവർഷം മുമ്പാണ് ലക്ഷങ്ങൾ മുടക്കി മാർക്കറ്റ് ഉൾപ്പെടെ നഗരത്തിന്റെ തിരക്കുള്ള ഭാഗങ്ങളിൽ നഗരസഭ കാമറകൾ സ്ഥാപിച്ചത്. എന്നാൽ അവയിൽ പലതും ഇപ്പോൾ പ്രവർത്തനരഹിതമാണ്. ക്രമസമാധാന പാലനത്തിന് പൊലീസിനെ ഏറെസഹായിക്കുന്നതാണ് സി.സി ടി.വി ദൃശ്യങ്ങൾ. എന്നാൽ സിറ്റിയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ

നഗരസഭയിലെത്തിവേണം പൊലീസിന് അവ പരിശോധിക്കാൻ.

മാത്രമല്ല,​ നഗരസഭയിലെ പല സി.സി ടി.വികളും പ്രവർത്തനരഹിതമാണെന്നാണ് ഇപ്പോൾ അറിയുന്നത്.

പരവൂർ ജി.മണിക്കുട്ടൻ,​ എൻ.സി.പി ജില്ലാജനറൽ സെക്രട്ടറി