കൊല്ലം: നഗരത്തിൽ മോഷണം തുടർക്കഥയാവുന്നു. മുണ്ടയ്ക്കൽ, ചെമ്മാംമുക്ക്, കൊച്ചുപുതിയകാവ് ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ
മോഷണം നടന്നു. വെസ്റ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മനയിൽ കുളങ്ങരയിൽ നിന്ന് ഇന്നലെ ബൈക്ക് മോഷണം പോയി. മുണ്ടയ്ക്കൽ പറക്കോട് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തുറക്കാൻ ശ്രമിക്കുകയും വിളക്കുകളും മറ്റും മോഷ്ടിക്കുകയും ചെയ്തു. ചെമ്മാംമുക്കിന് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വിളക്കുകൾ മോഷ്ടിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷന് എതിർവശത്തെ കൊച്ചു പുതിയകാവ് ക്ഷേത്രത്തിൽ നിന്ന് പട്ടാപ്പകലാണ് വിളക്കുകൾ കവർന്നത്. വിളക്കുകൾ ചാക്കിലാക്കി ഒരാൾ ബൈക്കിൽ പോകുന്നതിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാമൻകുളങ്ങര മനയിൽ കുളങ്ങരയിൽ ശ്രീജിത്തിന്റെ ബൈക്കാണ് കഴിഞ്ഞ രാത്രി മോഷണം പോയത്.
മോഷണം വ്യാപകമായ സാഹചര്യത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മോഷണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ലഹരി വസ്തുക്കളുടെ വില്പനയും വരും ദിവസങ്ങളിൽ വർദ്ധിക്കാനിടയുണ്ട്.
പൊലീസ് ക്വാർട്ടേഴ്സിൽ
സി.സി ടി.വിക്ക് ആലോചന
മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായ പൊലീസ് ക്വാർട്ടേഴ്സിൽ സി.സി. ടി.വി സ്ഥാപിക്കാൻ ആലോചന. ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ സ്വന്തം നിലയിൽ പണം ചെലവഴിച്ച് കാമറ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.