
കൊല്ലം: യൂണിവേഴ്സിറ്റികളിൽ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരേ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ ഉറച്ച് തീരുമാനങ്ങളെടുക്കുന്ന ഗവർണർക്കെതിരേ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ പ്രതിപക്ഷവുമായി ചേർന്ന് നടത്തുന്ന നീക്കങ്ങൾ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഫെഡറൽ രീതിക്ക് യോജിക്കാത്തതുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ പറഞ്ഞു.
സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാർ ഭരണപരാജയം മറച്ചുവയ്ക്കാനാണ് ഗവർണർ വിഷയം കാമ്പയിൻ സംഘടിപ്പിക്കുന്നത്. വിലക്കയറ്റത്തിനെതിരെ നടപടി സ്വീകരിക്കാത്ത സർക്കാർ ഭരണ ധൂർത്താണ് നടത്തുന്നത്. ഇതിനെതിരെ ബി.ജെ.പി വരും ദിവസങ്ങളിൽ ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ, സംസ്ഥാന സമിതി അംഗങ്ങളായ ജി.ഗോപിനാഥ്, ബി.രാധാമണി, ജില്ലാ വൈസ് പ്രസിഡന്റ് ബി.ശശികലാ റാവു എന്നിവർ സംസാരിച്ചു.