കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മികച്ച പൊലീസ് സേനാംഗങ്ങൾക്കുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ ലഭിച്ചു. നീണ്ടകര കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.രജേഷ്, ചാത്തന്നൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.ശിവകുമാർ, കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ.ജയകുമാർ എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.

നീണ്ടകര കോസ്റ്റൽ സ്റ്റേഷനിലെ തീരസുരക്ഷയുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ് ആർ.രാജേഷിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇടുക്കി മുട്ടം സ്റ്റേഷൻ ഇൻസ്‌പെക്ടറായിരിക്കെ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ മികവാണ് ശിവകുമാറിന് അംഗീകാരമായത്. ചവറ തൊക്കുംഭാഗം സബ് ഇൻസ്‌പെക്ടറായിരിക്കെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിക്ക് ഇരുപത് വർഷം തടവും പിഴയും വാങ്ങിനൽകിയ അന്വേഷണ മികവാണ് ജയകുമാറിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ഡി.ജി.പി അനിൽകാന്ത് ബാഡ്ജ് ഓഫ് ഓണർ മെഡലുകൾ വിതരണം ചെയ്തു.