തഴവ: അടച്ചുപൂട്ടൽ ഭീഷണിയിലാണ് കോഴിക്കോട് 74 -ാം നമ്പർ കയർ സഹകരണ സംഘം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കുരുക്കിൽ അകപ്പെട്ടതാണ് കാരണം. വേതനം പോലും കിട്ടാതായതോടെ തൊഴിലാളികളും ആശങ്കയിലായി. കരുനാഗപ്പള്ളി നഗരസഭ 24-ാം ഡിവിഷനിൽ കോഴിക്കോട് ഒരേക്കർ സ്ഥലത്ത് 1954 ലാണ് പ്രദേശത്തെ കയർ തൊഴിലാളികൾക്കായി സംഘം സ്ഥാപിച്ചത്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അത്യാധുനിക യന്ത്രങ്ങൾ ഉൾപ്പടെ ഇപ്പോഴും പ്രവർത്തനസജ്ജമാണ്. 22 കുടുംബങ്ങളുടെ ഉപജീവന മാർഗവും ഇതായിരുന്നു.
തൊഴിലാളികൾക്ക് കൂലിയും ബോണസും കുടിശ്ശികയായി
ഒരു തൊഴിലാളിക്ക് 300 രൂപയായിരുന്നു പ്രതിദിന വേതനം. ഇതിൽ തന്നെ 190 രൂപ സംഘവും ബാക്കി 110 രൂപ സർക്കാരുമായിരുന്നു നൽകിയിരുന്നത്. എന്നാൽ മൂന്ന് വർഷം മുൻപ് തൊഴിലാളിയുടെ വേതനത്തിൽ സർക്കാർ 50 രുപ പ്രതിദിന വർദ്ധനവ് ഏർപ്പെടുത്തിയെങ്കിലും അതിന് ആനുപാതികമായി സർക്കാർ വിഹിതം കൂട്ടി നൽകിയില്ല. അതോടെ ഒരു ക്വിന്റൽ കയർ ഉത്പാദിപ്പിക്കുമ്പോൾ ശരാശരി 750 രൂപയാണ് ശമ്പളമിനത്തിൽ സംഘത്തിന് അധിക ബാദ്ധ്യത വന്നത്.
സർക്കാർ അലവൻസ് കിട്ടാറില്ല
100 ക്വിന്റലിന് മുകളിൽ ഉൽപ്പാദനമുള്ള സംഘങ്ങൾക്ക് ഒരു ക്വിന്റലിന് 350 രൂപ വീതം സർക്കാർ മാനുഫാക്ചറിംഗ് അലവൻസായി നൽകാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ഇത് ലഭിക്കാറില്ലെന്ന് സംഘം ഭാരവാഹികൾ പരാതിപ്പെടുന്നു. ഈ ഇനത്തിൽ മാത്രം സംഘത്തിന് അമ്പതിനായിരം രൂപയാണ് സർക്കാരിൽ നിന്ന് ലഭിക്കുവാനുള്ളത്. കൂടാതെ കയർഫെഡിന് കയർ നൽകിയ ഇനത്തിൽ 60000 രൂപയും കുടിശ്ശികയായതോടെ സംഘത്തിന് തൊഴിലാളികളുമായി മുന്നോട്ട് പോകുവാൻ കഴിയാത്ത സ്ഥിതിയായി. ബോണസിനത്തിൽ 35000 രൂപയും ജോലിക്കൂലി ഇനത്തിൽ 36000 രൂപയുമാണ് നിലവിൽ സംഘം തൊഴിലാളികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകുവാനുള്ളത്.
തൊഴിലാളികളെ പരിഗണിക്കുന്നില്ല
തുശ്ചമായ വേതനം പോലും കൃത്യസമയത്ത് ലഭിക്കാതായതോടെ തൊഴിലാളികൾ മറ്റ് മേഖലകൾ തേടി പോകുന്ന അവസ്ഥയാണ്. ഒരു വർഷം മുൻപ് 18 ലക്ഷം രൂപ സംഘത്തിന്റെ പശ്ചാത്തല വികസനത്തിന് സർക്കാർ നൽകിയെങ്കിലും തൊഴിലാളികളെ പരിഗണിക്കുവാൻ തയ്യാറായില്ല.