rail

കൊല്ലം: പാറ പൊട്ടിക്കാനുള്ള അനുമതി വൈകുന്നതിനാൽ പുനലൂർ ​- ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണ ജോലികളുടെ വേഗം കുറഞ്ഞു. 2023 മാർച്ചിന് മുമ്പ് വൈദ്യുതീകരണം തീർക്കാൻ തിരക്കിട്ട് ജോലികൾ നടക്കുമ്പോഴാണ് പാറപൊട്ടിക്കാനുള്ള അപേക്ഷയിൽ സർക്കാർ തീരുമാനം വൈകുന്നത്.

പാറ ലഭ്യമാക്കിയാലേ പോസ്റ്റുകൾ സ്ഥാപിക്കാനുള്ള ഫൗണ്ടേഷൻ നിർമ്മിക്കാൻ കഴിയൂ. മാസങ്ങൾക്ക് മുമ്പേ അപേക്ഷ നൽകിയെങ്കിലും തീരുമാനം നീളുകയാണ്.

ന്യൂ ആര്യങ്കാവ് മുതൽ ഇടമൺ വരെ ഏതാണ്ട് 25 കിലോമീറ്റർ ദൂരത്താണ് പാറ പൊട്ടിക്കേണ്ടത്. പാത വനമേഖലയിലൂടെയായതിനാൽ ജോലിക്ക് തടസവും നേരിടുന്നുണ്ട്. നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതും ഏറെ ക്ളേശകരമാണ്. എന്നാൽ പാത കടന്നുപോകുന്ന തമിഴ്നാട്ടിൽ വളരെ നേരത്തെ ജോലികൾ ആരംഭിച്ചു.

കൊല്ലം - ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണത്തിന് പുനലൂരിൽ സ്ഥാപിക്കുന്ന സബ് സ്റ്റേഷനിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് 27.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്.ഇ.ബിക്ക് കൈമാറിയിട്ട് ഒരു വർഷത്തോളമാകുന്നു.

തടസങ്ങൾ മാറ്റാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി, പി.എസ്.സുപാൽ എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരും 21ന് തിരുവനന്തപുരത്ത് യോഗം ചേരും.

കെ.എസ്.ഇ.ബി ത്രീ ഫേസ് കണക്ഷനാണ് നൽകുക. എന്നാൽ റെയിൽവേക്ക് വേണ്ടത് ടൂ ഫേസാണ്. ഇതാണ് തർക്കത്തിനിടയാക്കിയത്. നിലവിൽ കൊല്ലം - പുനലൂർ പാതയിൽ പെരിനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പുനലൂർ- ചെങ്കോട്ട പാതയിൽ ട്രെയിൻ ഓടിക്കണമെങ്കിൽ പുനലൂരിലെ സബ് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകണം.