പരവൂർ:ഗുണഭോക്താക്കൾ മുഖംതിരിച്ചതോടെ പരവൂർ നഗരസഭയിൽ ബയോ ബിന്നുകൾ കെട്ടിക്കിടക്കുന്നു. 250ഓളം ബയോബിന്നുകളാണ് നഗരസഭ ഓഫീസിന്റെ പിന്നിൽ കൂട്ടി വച്ചിരിക്കുന്നത്. മാലിന്യ സംസ്ക്കരണം സംബന്ധിച്ച കൃത്യമായ പരിശീലനം നൽകാതെ വിതരണം ചെയ്‍തതാണ് പലരും ബയോബിൻ ഉപയോഗം നിറുത്തുവാൻ കാരണം. മാലിന്യം സംസ്കരിക്കാൻ സ്ഥലമുള്ളവരും ബയോബിന്നിൽ താത്പ്പര്യം കാണിക്കുന്നില്ല. ഹരിത കർമ്മ സേന വഴി ബോധവത്കരണം നടത്തി ബയോ ബിൻ വിതരണം പുനരാരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.
മുൻ ഭരണസമിതിയുടെ കാലത്ത് ഗാർഹിക ഉറവിട മാലിന്യ സംസ്കരണത്തിനായാണ് ബയോബിൻ സംസ്കരണ പദ്ധതി ആരംഭിച്ചത്. 1800 രൂപ ചിലവ് വരുന്ന പദ്ധതിക്ക് 180 രൂപ മാത്രം ഗുണഭോക്താവ് നൽകിയാൽ മതി. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ പ്രവർത്തന രീതി വിവരിക്കുന്ന നോട്ടീസ് മാത്രമാണ് അന്ന് ഇതോടൊപ്പം നൽകിയത്.
ആവശ്യക്കാർ കൂടുമെന്ന കണക്കുകൂട്ടലിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ 1200 ബയോ ബിന്നുകൾ കൂടി വാങ്ങി . ഇതിലുപയോഗിക്കുന്ന സൂക്ഷ്മാണുക്കൾ (ഇനോകുലം) തീർന്നപ്പോൾ ചകിരിച്ചോർ ഉപയോഗിച്ചു. അതോടെയാണ് മാലിന്യസംസ്ക്കരണം നടക്കുന്നില്ലെന്നും ദുർഗന്ധം അനുഭവപെട്ടെന്നുമുള്ള പരാതികൾ ഉയർന്നത്. ഇയോണിൽ വഴി ഉത്പ്പാദിക്കപ്പെടുന്ന വളം ഏറ്റെടുക്കാനും സംവിധാനമില്ല.