കൊട്ടാരക്കര: കലയപുരത്ത് പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിക്കണമെന്ന്
നാട്ടുകാർ ആവശ്യപ്പെട്ടു. കലയപുരം പഴയ വില്ലേജ് ഓഫീസ് പുത്തൂർ മുക്കിലെ പുതിയ കെട്ടിടത്തിലേക്ക് മാറിയ സാഹചര്യത്തിൽ നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിൽ ഹെൽത്ത് സെന്റർ ആരംഭിക്കാൻ കഴിയുമെന്ന് കലയപുരം പൗരസമിതി ചൂണ്ടിക്കാട്ടി.
ജന പ്രതിനിധികൾ ഇടപെടണം
മൈലം, കുളക്കട, പഞ്ചായത്തുകളുടെ അതിർത്തിയിലാണ് കലയപുരം ടൗൺ. മൈലം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ളവർ കിലോമീറ്ററുകൾ താണ്ടി കോട്ടാത്തലയിലും കുളക്കട പഞ്ചായത്തുകാർ പൂവറ്റൂരുമാണ് പ്രാഥമിക ചികിത്സക്കും കുത്തിവയ്പ്പുകൾ അടക്കമുള്ള ആവശ്യങ്ങൾക്കും പോകേണ്ടത്. രോഗികളും പ്രായമുള്ളവരും ശാരീരിക അവശത അനുഭവിക്കുന്നവരും ഏറെ പ്രയാസപ്പെടുകയാണ്. അതിന് പരിഹാരമായി കലയപുരത്ത് ഒരു പ്രൈമറി ഹെൽത്ത് സെന്റർ ആരംഭിക്കണമെന്ന് നാട്ടുകാർ ഏറെനാളുകളായി ആവശ്യപ്പെടുന്നു. ജന പ്രതിനിധികൾ ഇടപെട്ട് നടപടിയെടുക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. കശുഅണ്ടി തൊഴിലാളികളും കരിങ്കൽ തൊഴിലാളികളും ഏറെയുള്ള ഈ പ്രദേശത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം അത്യാവശ്യമാണ് . ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പൗരസമിതി മുന്നറിയിപ്പ് നൽകി.
കലയപുരത്തെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രം അത്യാവശ്യമാണ്.
കലയപുരം മോനച്ചൻ, പൊതു പ്രവർത്തകൻ