
കടയ്ക്കൽ: തൊഴിലുറപ്പ് ജോലിക്കിടെ ചക്ക ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ഈയക്കോട് മൈലമൂട് തോട്ടിൻകര വീട്ടിൽ ശാന്തയാണ് (64) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഈയക്കോട് സ്വദേശി സുഗതന്റെ വീട്ടുപറമ്പിലെ ഉയരമുള്ള പ്ളാവിൻ കൊമ്പിൽ നിന്ന ചക്ക ശക്തമായ കാറ്റിൽ അടർന്ന് ശാന്തയുടെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാന്തയെ തൊഴിലാളികൾ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ഷിബു, രാജു. മരുമക്കൾ: മഞ്ജു, സജിത.