ചവറ : ഒടുവിൽ അധികൃതർ ഇടപെട്ടു, ആനാംകണ്ടം- വേളൂർകായലിൽ തെളിനീരൊഴുകി. അധികൃതരുടെ അവഗണനയിൽ നീരൊഴുക്ക് നിലച്ച് മാലിന്യ വാഹിയായി മാറിയിരിക്കുകയായിരുന്നു നീണ്ടകര പഞ്ചായത്തിലെ ആനാംകണ്ടം- വേളൂർകായൽ തോട്. തോടിന്റെ ദുരിതാവസ്ഥ കേരളകൗമുദി വാർത്തയാക്കിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത്, വൈസ് പ്രസിഡന്റ് രജനി, വാർഡുമെമ്പർമാരായ അനിൽകുമാർ ,ആഗ്നസ് എന്നിവരുടെ ഇടപെലാണ് ഇടത്തോടിനെ വീണ്ടെടുത്തത്. നീണ്ടകര പഞ്ചായത്തിലെ അഞ്ച്, ആറ്, നാല്, ഒൻപത്, പത്ത് വാർഡുകളിലെ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ ശ്രമവും തോടിന്റെ മോക്ഷത്തിന് പിന്നിലുണ്ട്.
സജീവമായിരുന്നു അന്ന്
കാൽ നൂറ്റാണ്ട് മുമ്പ് കെട്ടുവള്ളങ്ങളും ചരക്കുവള്ളങ്ങളുമായി സജീവമായിരുന്നു ആനാംകണ്ടം - വേളൂർ കായൽ ഇടത്തോട് . ചീക്ക തൊണ്ട്. കയർ, ചകിരി, കരിമണ്ണ് തുടങ്ങി കൊല്ലം കമ്പോളത്തിലേക്കും തിരിച്ചും പലവിധ സാധനങ്ങൾ എത്തിക്കുന്നതിൽ മുഖ്യസഞ്ചാര മാർഗങ്ങളിലൊന്നായിരിന്നു ഇടത്തോടുകൾ. അധികൃതരുടെ ഇടപെടലുകളും ശ്രദ്ധയുമില്ലാത്തത് കാരണം ഇടത്തോടുകൾ നീരൊഴുക്ക് നിലച്ച് നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നീരൊഴുക്ക് നഷ്ട്ടപ്പെട്ട് സമീപത്തെ കണവ, കൊഞ്ച് പ്രോസസിംഗ് കമ്പനികളിൽ നിന്ന് തള്ളുന്ന അവശിഷ്ടങ്ങളും തോടിന്റെ ഓരത്ത് താമസിക്കുന്നവരുടെ കക്കൂസ് മാലിന്യവും മറ്റു മാലിന്യങ്ങളും കായലിലെ മലിനമാക്കിയിരുന്നു.
ശുദ്ധമായ വായു ശ്വസിക്കാനായത് വളരെ ഭാഗ്യം. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ അവസ്ഥ തുടരുന്നു. ആദ്യമായിട്ടാണ് അധികൃതർ മുന്നോട്ടു വന്നത്. അതിന് പഞ്ചായത്ത് അധികൃതരെയും വാർത്ത നൽകിയ മാദ്ധ്യമത്തെയും അഭിനന്ദിക്കുന്നു.
രാജൻ പത്രോസ് പ്രദേശവാസി
അധികൃതരുടെ നടപടി അഭിനന്ദനീയമാണ് പക്ഷേ പഴയരീതിയിലുള്ള പ്രതാപം തോടുകൾക്ക് ആയിട്ടില്ല. പ്രത്യുൽപ്പാദനശേഷിയുള്ള നല്ലയിനം മത്സ്യങ്ങളുണ്ടായിരുന്ന ഈ തോട്ടിൽ തെളിനീരായതോടെ മത്സ്യ സമ്പത്തും തിരികെ വരുമെന്ന പ്രതീക്ഷയിലാണ്.
സൗരഭൻ,ഹോട്ടൽ വ്യാപാരി,
ടാഗോർ നഗർ, നീണ്ടകര
പഞ്ചായത്തിലെ മിക്ക തോടുകളും പഴയ പ്രതാപത്തിലേക്ക് എത്താനുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണമായ പിന്തുണ ആവശ്യമാണ്. തോട്ടിന്റെ വശങ്ങളിൽ നിന്ന് കായലിലേക്ക് മാലിന്യങ്ങൾ തള്ളുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും
പി.ആർ.രജിത്ത്
നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കേരള കൗമുദി വാർത്തയെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം അവതരിപ്പിക്കുകയും കമ്മിറ്റിയുടെയും പ്രസിഡന്റിന്റെയും പൂർണമായ പിന്തുണ ലഭിക്കുകയും ചെയ്തു. കൂടാതെ തോട് കോരിവൃത്തിയാക്കാൻ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന പ്രദേശവാസികളുടെ പിന്തുണ ലഭിച്ചതോടെയാണ് തെളിനീരൊഴുക്കാൻ സാധിച്ചത്.
ബി. അനിൽകുമാർ
ഗ്രാമപഞ്ചായത്ത് മെമ്പർ