തഴവ: കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര 497-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തെ സംരക്ഷിക്കുവാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായി. കരുനാഗപ്പള്ളി കന്നേറ്റി കേന്ദ്രീകരിച്ച് അരനൂറ്റാണ്ട് മുൻപ് അമ്പതിലധികം തൊഴിലാളികളുമായി ആരംഭിച്ച ഈ സംഘത്തിൽ ഇപ്പോൾ വെറും നാല് പേർ മാത്രമാണ് ജോലി നോക്കുന്നത്.
വർക്കിംഗ് ഷെഡിൽ മലിനജലം
20-ാം നമ്പർ നഗരസഭ ഡിവിഷനിൽ കൊതുക് മുക്ക് പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സഹകരണ സംഘത്തിന്റെ കെട്ടിടത്തിൽ തൊഴിലാളികൾക്ക് ജോലി ചെയ്യാവാത്ത അവസ്ഥയാണ്. കന്നേറ്റി കായലിനോട് ചേർന്ന് പ്രവർത്തിക്കുന്ന സംഘത്തിന്റെ വർക്കിംഗ് ഷെഡിൽ വേനൽക്കാലത്ത് പോലും മലിനജലം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്.
മേൽക്കൂര ചോർന്നൊലിക്കുന്നു
ഷെഡിന്റെ മേൽക്കൂരകൾ തകർന്ന് മഴക്കാലത്ത് പൂർണമായും ചോർന്നൊലിക്കുന്ന അവസ്ഥയാണ്. വേനൽക്കാലത്ത് പോലും ഈർപ്പം നിലനിൽക്കുന്ന ഇവിടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് തന്നെ പേടിച്ചാണ്. ഗുണനിലവാരം കുറഞ്ഞ വയറും ഉപകരണങ്ങളുമാണ് വൈദ്യുതികരത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതും അപകട ഭീഷണിയായിരിക്കുകയാണ്.
തൊഴിലാളികൾ കൊഴിഞ്ഞ്
മോശമായ തൊഴിൽ സാഹചര്യവും കുറഞ്ഞ വേതനവും തൊഴിൽ ദിനങ്ങളുടെ എണ്ണത്തിൽ വന്ന കുറവുമാണ് ഈ സംഘത്തിൽ നിന്ന് തൊഴിലാളികൾ കൊഴിഞ്ഞ് പോകുന്നതിന് കാരണമായത്. സംഘത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുവാൻ ഭാരവാഹികൾ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യ വികസനം എന്നത് വലിയ ബാദ്ധ്യതയായിരിക്കുകയാണ്.