ochira

ഓച്ചിറ: തീരദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച ഓച്ചിറ കുടിവെള്ള പദ്ധതി നാട്ടുകാരെ 'വെള്ളം കുടിപ്പിക്കുന്നു'. വർഷത്തിൽ ഏറിയ സമയവും കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓച്ചിറയിലെ ഓഫീസിന് മുന്നിൽ സമരം ചെയ്താനാണ് നാട്ടുകാരുടെ വിധി. ഓച്ചിറ, ക്ലാപ്പന, അലപ്പാട് പഞ്ചായത്തുകളുടെയും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെയും ജലക്ഷാമം പരിഹരിക്കുന്നതിനായി 2010ലാണ് പദ്ധതി ആരംഭിച്ചത്.

പദ്ധതി തികഞ്ഞ പരാജയം

അച്ചൻകോവിൽ ആറ്റിൽ നിന്ന് മാവേലിക്കരക്ക് സമീപം കണ്ടിയൂർ കടവിൽ നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടെ നിന്ന് വെള്ളം ഓച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് ക്ലാപ്പനയിലെയും കരുനാഗപ്പള്ളിയിലെയും ഓവർഹെഡ് ടാങ്കുകളിൽ എത്തിച്ച് വിതരണം ചെയ്യുന്നു. ആദ്യകാലഘട്ടം മുതൽ ആലപ്പാട് പഞ്ചായത്തിലും ക്ലാപ്പന പഞ്ചായത്തിലെ തീരദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിൽ പദ്ധതി തികഞ്ഞ പരാജയമായിരുന്നു. പരാതിപ്പെടുമ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്. കുടിവെള്ള പദ്ധതി പരാജയപ്പെട്ടതോടെ ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചോളം കുഴൽക്കിണറുകളുടെ പണി ആരംഭിക്കുകയും ഭാഗികമായ രീതിയിൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്തു. ക്ലാപ്പന പഞ്ചായത്തിന്റെ ഒന്നാം വാർഡിലും കുഴൽക്കിണർ സ്ഥാപിച്ച് ഭാഗികമായി കുടിവെള്ള ക്ഷാമം പരിഹരിച്ചിട്ടുണ്ട്.

പദ്ധതി പരാജയപെട്ടപ്പോൾ കുറ്റം മോട്ടോറിന്

പദ്ധതി ആവിഷ്ക്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഉദ്യോഗസ്ഥർ കാണിച്ച അലംഭാവമണ് ഓച്ചിറകുടിവെള്ള പദ്ധതി പരാജയപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ പദ്ധതി പ്രദേശത്ത് സ്ഥാപിച്ച മോട്ടോറിന്റെ ശേഷിക്കുറവാണ് കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് ആരോപിച്ച് അധികൃതർ 150 എച്ച്.പി ശേഷിയുള്ള മൂന്ന് മോട്ടോറുകൾ മാറ്റി 300 എച്ച്.പിയുടെ രണ്ട് മോട്ടോറുകൾ ഒന്നരക്കോടി രൂപ ചെലവിൽ മാറ്റി സ്ഥാപിച്ചു. പുതുതായി സ്ഥാപിച്ച രണ്ട് മോട്ടാറുകൾക്കും ഗുണനിലവാരമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രേഖകളിൽ 300 എച്ച്.പി എന്ന് രേഖപ്പെടുത്തിട്ടുണ്ടെങ്കിലും ഗുണനിലവാരം കുറഞ്ഞ മോട്ടോറുകളാണ് സ്ഥാപിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

പ്രതിഷേധ ധർണ നടത്തി

കുടിവെള്ള പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ ഓച്ചിറ സെക്ഷൻ ഓഫീസിന് മുന്നിൽ ധ‌ർണ നടത്തി. എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി ഹരികുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ ബിനീഷ്, വൈസ് പ്രസിഡന്റ് ഷാഹിദ, ബ്രാഞ്ച് പ്രസിഡന്റ് പ്രമോദ് തുടങ്ങിയവർസംസാരിച്ചു. വേനൽക്കാലത്ത് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും കരാറുകാരൻ കണ്ടിയൂർകടവിൽ സ്ഥാപിച്ച മോട്ടോർ മാറ്റി ശേഷി കൂടിയ മോട്ടോർ സ്ഥാപിക്കണമെന്നും അനധികൃതമായി ഈ വിഷയത്തിൽ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.