
കൊല്ലം: നടുറോഡിൽ വച്ച് ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് പൊള്ളലേറ്റ യുവ അഭിഭാഷക ഐശ്വര്യയുടെ (26) ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഐശ്വര്യയുടെ മൊഴി കൊട്ടാരക്കര പൊലീസ് രേഖപ്പെടുത്തി.
ഭർത്താവ് കോട്ടാത്തല മൂഴിക്കോട് അഖിൽ നിവാസിൽ അഖിൽരാജിനെതിരെ (30) വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഖിൽ രാജ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവടക്കമുള്ള ലഹരിയിൽ ഭാര്യയെ ഉപദ്രവിച്ചിരുന്നു. എഴുകോൺ ഇടയ്ക്കോട് അക്ഷരയിൽ അശോകൻ - ഷാജില ദമ്പതികളുടെ മകൾ ഐശ്വര്യയും (26) അഖിൽരാജും തമ്മിൽ 2016ലാണ് വിവാഹിതരായത്. അഖിൽ രാജിന്റെ അമിത ലഹരി ഉപയോഗവും കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനും തുടർ പഠനത്തിനും ഏർപ്പെടുത്തിയ വിലക്കുമാണ് ഇരുവരും അകലാൻ കാരണം.
വിവാഹമോചനത്തിന് കൊട്ടാരക്കര കുടുംബ കോടതിയിൽ കേസ് നിലനിൽക്കെയാണ് നടുറോഡിൽ ക്രൂരകൃത്യം നടന്നത്. സ്ത്രീധനമായി ഐശ്വര്യയുടെ വീട്ടുകാർ നൽകിയ കാർ തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ സഹായത്തോടെ കാറെടുക്കാനെത്തിയതിനെതിരെ അഖിൽരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിൽ ശനിയാഴ്ച നഷ്ടപരിഹാരമായി 1,20,000 രൂപ ഐശ്വര്യയ്ക്ക് നൽകാൻ കൊട്ടാരക്കര കോടതി വിധിച്ചു. തുടർന്നാണ് കോടതി മുറിക്ക് അകത്തും പുറത്തും വച്ച് അഖിൽരാജ് ഭീഷണി മുഴക്കിയതും പിന്നീട് നെടുവത്തൂർ താമരശേരി ജംഗ്ഷന് സമീപത്തു വച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചതും.
പെട്രോൾ ശേഖരിച്ചത്
കോടതി വളപ്പിൽ വച്ച്
കേസ് കഴിഞ്ഞിറങ്ങിയ അഖിൽരാജ് കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം ബൈക്കിൽ നിന്നാണ് കുപ്പിയിൽ പെട്രോൾ ശേഖരിച്ചത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയത്. ഇതിനാണ് ലൈറ്ററും പെപ്പർ സ്‌പ്രേയും പെട്രോളും കൈവശം കരുതിയത്. ഐശ്വര്യ സഞ്ചരിച്ച സ്കൂട്ടറിന് പിന്നാലെയെത്തി രണ്ടു തവണ പെപ്പർ സ്‌പ്രേ അടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്കൂട്ടർ നിറുത്തി ഐശ്വര്യ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ വന്ന അഖിൽരാജ് പെപ്പർ സ്‌പ്രേ അടിക്കുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഐശ്വര്യ ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് തലയിൽ തീ പടരാതിരുന്നത്.