balagopal

കൊല്ലം: മരത്തിൽ നിന്ന് വീണ് മരിക്കുന്നവർക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുമുള്ള ആനൂകൂല്യങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കേരള തണ്ടാൻ സർവീസ് സൊസൈറ്റി 45-ാം വാർഷിക സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് വ്യവസായ, വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നവർ കുറവാണ്. പ്രശ്നം പരിഹരിക്കാൻ പുതുതായി വ്യവസായങ്ങളും മറ്റ് സംരംഭങ്ങളും തുടങ്ങുന്നവർക്ക് കഴിഞ്ഞ ബഡ്ജറ്റിൽ സഹായം പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നില്ല. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ് കൃത്യമായി വിതരണം ചെയ്യും. കുടിശിക കൊടുത്തുതീർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹായങ്ങൾ ആലോചനയിലാണ്. താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയേ പാടുള്ളുവെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങളും തുല്യ അവസ്ഥയിലെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ അദ്ധ്യക്ഷനായി. തണ്ടാൻ അസോ. സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിവാകരൻ, തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സുരേന്ദ്രബാബു എന്നിവർ സംസാരിച്ചു. വരണാധികാരി കെ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ വി.ബാബു നന്ദിയും പറഞ്ഞു.

ആസ്ഥാന മന്ദിരത്തിൽ ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ അദ്ധ്യക്ഷനാകും. കെ.വിജയകുമാർ, പുരവൂർ രഘുനാഥൻ, കെ.ബാലൻ, പുരുഷോത്തമൻ, പി.ബാബു, ആർ.ബാലൻ, നേമം ശശികുമാർ, രാമചന്ദ്രൻ, ഒരുവാതിൽക്കോട്ട ശശി, മോഹനൻ, കെ.സദാനന്ദൻ തുടങ്ങിയവർ സംസാരിക്കും.