തഴവ: ബഫർ സോൺ ഉൾപ്പടെ ഒരു വിഷയത്തിലും ജനങ്ങളെ മാറ്റി നിറുത്തിക്കൊണ്ടുള്ള യാതൊരു നിലപാടുകളും സർക്കാർ സ്വീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കാർത്തികേയൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ജി.കാർത്തികേയൻ അനുസ്മരണവും പുരസ്കാര സമർപ്പണവും കരുനാഗപ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണം വന്നതോടെ തുടക്കത്തിൽ തന്നെ സർക്കാരിനെ കടന്നാക്രമിക്കാനാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും ബൂർഷ രാഷ്ട്രീയ കൂട്ടുകെട്ടുകളും ശ്രമിക്കുന്നത്. തീരദേശ മേഖലയിൽ വിഴിഞ്ഞം സംഭവത്തെ ഉപയോഗപ്പെടുത്തി നടത്തിയ പരിശ്രമം വേണ്ടത്ര വിജയിക്കാതെ വന്നതോടെ മലയോരമേഖലയിൽ ബഫർ സോണിന്റെ പേരിൽ കലാപം ഉയർത്തി വിടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനിൽ നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. മന്ത്രി പി.പ്രസാദ് അനുസ്മണവും പ്രഭാഷണവും നടത്തി. പി.എസ്.സുപാൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.എസ്.താര, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ആർ.സോമൻപിള്ള, സി.പി. എം കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി പി.കെ.ജയപ്രകാശ് , സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ ഐ.ഷിഹാബ്, എസ്.കൃഷ്ണകുമാർ, സ്വാഗതസംഘം ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം, സെക്രട്ടറി കെ.സെയ്ദ് കുമാർ, ഡോ.നിസാർ കാത്തുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകള നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ആദരിച്ചു. കെ.പി. എ.സി ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും നടന്നു.