കൊല്ലം: ജന്മദിനാഘോഷത്തിനിടയിലുണ്ടായ വാക്കുതർക്കത്തിൽ മാരകായുധങ്ങളുമായി ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിലായി. കൊറ്റങ്കര വില്ലേജിൽ പേരൂർ ചേരിയിൽ പുതുശേരിക്കുളത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ പട്ടർ രാജീവ് എന്ന രാജീവാണ് (30) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

കൊറ്രങ്കര സ്വദേശി സാബുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സാബുവിന്റെ അനുജന്റെ വീട്ടിൽ അനുജന്റെ മകന്റെ ജന്മദിനാഘോഷം നടക്കുകയായിരുന്നു. ഇതിനിടെ പ്രതിയായ അനന്തു ആഘോഷത്തിൽ പങ്കെടുത്തവരുമായി തർക്കമുണ്ടായി. സാബു അനന്തുവിനെ പറഞ്ഞുവിട്ടതിലുള്ള വൈരാഗ്യത്തിൽ അനന്തു, രാജീവ്, നിധിൻ രാജ്, ജിതിൻ എന്നിവർ മാരകായുധങ്ങളുമായി സാബുവിനെ ആക്രമിക്കുകയായിരുന്നു. മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.