കൊല്ലം: അഷ്ടമുടിക്കായലും കായലുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഹരിച്ച് അഷ്ടമുടി കായലിനെ ജൈവ സംരക്ഷണ പ്രാധാന്യമുള്ള മേഖലയാക്കി മാറ്റുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. റാണി.പി.കെയുടെ 'കഥ പറയുന്ന അഷ്ടമുടി'യുടെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

സർക്കാരും പൊതുജനങ്ങളും ഒരുമിച്ച് ചേർന്ന് മാലിന്യ വിമുക്തമായ ജലാശയമാക്കി അഷ്ടമുടിക്കായലിനെ മാറ്റുന്നതിനുള്ള പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും മേയർ അറിയിച്ചു .അഷ്ടമുടിക്കായലിൽ മാത്രം വളരുന്ന കുഴവാലി എന്ന മത്സ്യവും കുട്ടികളും അപ്പൂപ്പനും ചേർന്ന് നടത്തുന്ന കായൽ യാത്രകളും കാഴ്ചകളും ചരിത്രവും നവോത്ഥാന സമരങ്ങളും കവിതകളും ഗാനങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും എല്ലാം ഉൾപ്പെട്ട ഗ്രന്ഥം കോഴിക്കോട് പൂർണ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം പ്രകാശനം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുസ്തകം ഏറ്റുവാങ്ങി. കവി വിനോദ് വൈശാഖി അദ്ധ്യക്ഷയായി. ഷിഹാബ്, അരവിന്ദ് കൃഷ്ണ, സക്കീർ ഹുസൈൻ, ഉണ്ണി അമ്മയമ്പലം എന്നിവർ സംസാരിച്ചു.