
കൊല്ലം: അഷ്ടമുടി കായൽ സംരക്ഷണത്തിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി സർക്കാർ നിരീക്ഷണ സമിതി രൂപീകരിച്ചു.
ഒരു മാസത്തിനകം സമിതിയുടെ ആദ്യയോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കാനുള്ള നടപടി ആരംഭിക്കും. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഇടപെടൽ.
അഷ്ടമുടി കായലിലെ മലിനീകരണം, കൈയേറ്റം എന്നിവ തടയുന്നതിനൊപ്പം കായലിന്റെ ജൈവഘടന സരംക്ഷിക്കാനുള്ള പദ്ധതികളുമാകും ആക്ഷൻ പ്ലാനിൽ ഉണ്ടാകുക. ടൂറിസം, പഞ്ചായത്ത്, നഗരകാര്യ, വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടർമാർ, തണ്ണീർത്തട അതോറിറ്റി, തിരദേശ സംരക്ഷണ അതോറിറ്റി എന്നിവയുടെ മെമ്പർ സെക്രട്ടറിമാർ എന്നിവരാണ് നിരീക്ഷണ സമിതിയിലെ അംഗങ്ങൾ.
മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറിയാണ് കൺവീനർ. മലിനീകരണ നിയന്ത്രണ ബോർഡിനാണ് സമിതിയുടെ ഏകോപന ചുമതല. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും ഈ സമിതിക്ക് അധികാരമുണ്ട്. വിവിധ വകുപ്പുകളുടെ സഹായത്തോടെയാകും ആക്ഷൻ പ്ലാൻ നടപ്പാക്കുക. നിലവിൽ ഇവർ നടപ്പാക്കുന്ന പദ്ധതികളും ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തും.
അഷ്ടമുടി കായലിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഉത്തരവിട്ടത്.
നിയമ ലംഘകരിൽ നിന്ന് ഫണ്ട്
ആക്ഷൻ പ്ലാൻ നടപ്പാക്കാൻ ആവശ്യമായ പണത്തിന്റെ ഒരു ഭാഗം കായലിൽ മാലിന്യം തള്ളുന്നവർ, കൈയേറ്റക്കാർ എന്നിവരിൽ നിന്ന് ഈടാക്കും.