kundara-oda
പൊളിച്ചിട്ടിരിക്കുന്ന കുണ്ടറ മുക്കട ജംഗ്ഷനിലെ ഓട

 കുണ്ടറ മുക്കട ജംഗ്ഷനിലെ ഓട പൊളിച്ചിട്ടിട്ട് മൂന്ന് മാസം

കുണ്ടറ: കുണ്ടറ മുക്കട ജംഗ്ഷനിലെ കടകളിൽ കയറമെങ്കിൽ ചാട്ടം പഠിക്കണമെന്ന ഗതികേടിലാണ് നാട്ടുകാർ. കൊല്ലം ​- ചെങ്കോട്ട ദേശീയ പാതയിൽ കുണ്ടറ മുക്കട ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ഓട വെട്ടിപ്പൊളിച്ചിട്ടിട്ട് മൂന്ന് മാസമാകുന്നു. വൃത്തിയാക്കാനെന്ന പേരിലാണ് ഓട പൊളിച്ചത്. എന്നാൽ, മാസങ്ങളായിട്ടും വൃത്തിയാക്കുകയോ മൂടിയിടുകയോ ചെയ്‌തില്ല. ഓട്ടോ സ്റ്റാൻഡിന്റെയും വ്യാപാര സ്ഥാപങ്ങളുടെയും ഇടയിലുള്ള ഓടയുടെ ഭാഗമാണ് പൊളിച്ചിട്ടിരിക്കുന്നത്. അതിനാൽ, വ്യാപരികളെയും ഓട്ടോ റിക്ഷക്കാരെയും ഇത് ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

സെപ്റ്റംബറിലാണ് ഹൈവേ വികസനത്തിന്റെ ഭാഗമായി ഫുട്പ്പാത്ത് നിർമ്മിക്കാനും ഓട വൃത്തിയാക്കാനുമായി ഇവിടം പൊളിച്ചിട്ടത്. എന്നാൽ, മാസം മൂന്ന് കഴിഞ്ഞിട്ടും വൃത്തിയാക്കാനോ, പൊളിച്ചിട്ടഭാഗം പൂർവ സ്ഥിതിയിലാക്കാനോ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ വ്യാപാര സ്ഥാപനങ്ങളിൽ ആളുകയറാത്ത അവസ്ഥയായി.

ഓടയുടെ നിർമാണം നടക്കുമ്പോൾ താത്കാലികമായി സഞ്ചരിക്കാൻ സംവിധാനം ഒരുക്കാറുണ്ട്. എന്നാൽ, ഇവിടെ ഇതിനായി സ്ഥാപിച്ച

സ്ലാബ് കൃത്യമായി ഉറപ്പിക്കാത്തതിനാൽ ഇതിലൂടെ നടക്കാനും പ്രയാസമാണ്. വ്യാപാര സ്ഥാപനത്തിലെത്തിയ ഒരു സ്ത്രീക്ക് ഓടയിൽ വീണ് പരിക്കുപറ്റിയത് കഴിഞ്ഞ ദിവസമാണ്. ഓട പൊളിച്ചിട്ടിരിക്കുന്നത് കാരണം സ്റ്റാൻഡിൽ ഓട്ടോകൾ പാർക്ക് ചെയ്യാനും സ്ഥലമില്ലാത്ത അവസ്ഥയാണ്.

കച്ചവടം താഴോട്ട്

ആവശ്യക്കാർക്ക് വ്യാപാരസ്ഥാപനങ്ങളിലേക്ക് സുഗമമായി കടന്നുവരാൻ കഴിയാതായതോടെ കച്ചവടത്തിന് ഇടിവ് വന്നതായി വ്യാപാരികൾ പറയുന്നു.

നിർമാണത്തിന് കരാർ എടുത്തയാൾ സമീപത്തെ ആശുപത്രി ജംഗ്ഷനിൽ ഓട നിർമാണം നടത്തുന്നുണ്ട്. എന്നാൽ, അതിന് മാസങ്ങൾക്ക് മുമ്പ് പൊളിച്ചിട്ട മുക്കട ജംഗ്ഷനിലെ ഓടയുടെ കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും അവർ പറയുന്നു.

ഓട പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അടക്കമുള്ള അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് വ്യാപാരികൾ.