
കൊല്ലം: അക്കരയിക്കരെ നിന്നാലെങ്ങനെ ആശ തീരുമെന്ന പഴയ ഗാനം പോലെയായി പെരുമൺ- പേഴുംതുരുത്തുകാരുടെ കാര്യം. പാലത്തിന്റെ ഇരു കരകളിലെയും സ്പാനുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും മദ്ധ്യഭാഗം കൂട്ടിമുട്ടിയില്ല. ഇരുകരകളിലെയും ജനങ്ങളുടെ ആഗ്രഹം തീരാൻ ഇനി എത്ര കാലം കാത്തിരിക്കണമെന്ന് ഒരുനിശ്ചയമില്ല. 160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ നിർമ്മാണമാണ് ഇനി ബാക്കിയുളളത്. കൊല്ലത്തിന്റെ വികസനത്തിന് വലിയ സാദ്ധ്യതകൾ തുറക്കുന്ന ഒരു പാലത്തിന്റെ നിർമ്മാണം പാതിവഴിയിലായിട്ട് മാസങ്ങളായി.
2021 ആദ്യം ആരംഭിച്ചതാണ് പാലത്തിന്റെ നിർമ്മാണം. മദ്ധ്യ ഭാഗത്തെ സ്പാനുകളുടെ ഡിസൈനിന്റെ കാര്യത്തിലുണ്ടായ തർക്കമാണ് നീണ്ടുപോകാൻ ഇടയാക്കിയത്. ടെണ്ടർ ക്ഷണിച്ചപ്പോഴുളളത് മാറ്റി പുതിയ ഡിസൈനിൽ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന നിർദ്ദേശം, കരാർ കമ്പനിയും കേരളാറോഡ് ഫണ്ട് ബോർഡും തമ്മിൽ തർക്കത്തിനിടയാക്കി. മാസങ്ങളോളം നീണ്ട തർക്കത്തിനൊടുവിൽ ഡിസൈൻ തയ്യാറാക്കുന്നതിന് കരാർ ക്ഷണിച്ചു. എൽ ആൻഡ് ടി കമ്പനി നൽകിയ കരാർ ടെക്നിക്കലി ക്വാളിഫൈഡായി കണ്ടെത്തിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്. ഏതാണ്ട് 60 ലക്ഷം രൂപയാണ് കരാർ തുക.
നടക്കാത്തയോഗവും
തീരാത്തസംശങ്ങളും
എൽ ആൻഡ് ടി നൽകിയ ക്വട്ടേഷനിൽ കൂടുതൽ വിശദീകരണം ആവശ്യമുളളതിനാലാണ് ഡിസൈൻ വൈകുന്നത്. ക്വട്ടേഷൻ സംബന്ധിച്ച് ടെണ്ടർ അപ്രൂവൽ കമ്മിറ്റിയിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. ഡിസൈൻ, ടെണ്ടർ തുക എന്നിവയിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് യോഗത്തിൽ അഭിപ്രായം ഉണ്ടായി. പൊതു മരാമത്ത് ഡിസൈൻ വിഭാഗവും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് തീരുമാനിക്കാം എന്നായിരുന്നു ധാരണ. ഇത് സംബന്ധിച്ച് ഇന്നലെ യോഗം ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും ചില അസൗകര്യങ്ങൾ കാരണം മാറ്റിവയ്കുകയായിരുന്നു. ഈ യാഴ്ച തന്നെ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നാണ് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ പറയുന്നത്.