കൊല്ലം : അറുപത്തെട്ടാമത് ദേശീയ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി കൊട്ടാരക്കരയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി കെ.എൻ.ബാലഗോപാലും സംഘാടക സമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 750 കളിക്കാരാണ് പങ്കെടുക്കുന്നത്. 250 ഒഫീഷ്യൽസും ഉണ്ടാകും. നിരീക്ഷണ കാമറകളടക്കം സ്ഥാപിച്ചുകൊണ്ട് സുതാര്യമായ ജഡ്ജ്മെന്റിനാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. മത്സര ഫലങ്ങൾ തത്സമയം വെബ്സൈറ്റിൽ കൂടി പ്രസിദ്ധപ്പെടുത്തും. കൊട്ടാരക്കര കില, ഗവ.എച്ച്.എസ്.എസ്, ഗവ.ഗേൾസ് എച്ച്.എസ്.എസ്, ടൗൺ യു.പി സ്കൂൾ, മാർത്തോമ ഹൈസ്കൂൾ എന്നിവിടങ്ങളിലായിട്ടാണ് മത്സരാർത്ഥികൾക്കടക്കം താമസ സൗകര്യം ഏർപ്പെടുത്തുക. സൗപർണിക ഓഡിറ്റോറിയത്തിലാണ് ഭക്ഷണ ശാല പ്രവർത്തിക്കുന്നത്. 24ന് വൈകിട്ട് 3ന് കൊട്ടാരക്കര പുലമൺ രവി നഗറിൽ നിന്ന് ഘോഷയാത്രയോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് ഗവ.ഹയ‌ർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.ബി.ഗണേശ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, പി.ഐഷാപോറ്റി, അസോസിയേഷൻ ചെയർമാൻ കെ.ബാബു ജോസഫ്, സെക്രട്ടറി എസ്.ഗോപകുമാർ, ബി.ബി.എഫ്.ഐ വൈസ് പ്രസിഡന്റ് അനിത ഗോപകുമാർ എന്നിവർ സംസാരിക്കും. 25ന് മന്ത്രി വി.ശിവൻകുട്ടി, 26ന് മന്ത്രി ജെ.ചിഞ്ചുറാണി, 27ന് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ വിവിധ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് 3ന് മന്ത്രി അബ്ദുൾ റഹ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും നിർവഹിക്കും. വാ‌ർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ എ.ഷാജു, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, കൺവീനർ എസ്.ഗോപകുമാർ, കെ.ബാബു ജോസഫ് എന്നിവരും പങ്കെടുത്തു.