navodhanam-
കൊല്ലം എൻ. ജി.ഒ യൂണിയൻ ഹാളിൽ ഭരതയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശന സമ്മേളനത്തിൽ കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : രണ്ടാം നവോത്ഥാന പോരാട്ടത്തിന് സാഹിത്യ, സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ളവർ മുൻകൈ എടുക്കണമെന്ന് കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ അഭിപ്രായപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ആത്മീയ - കല- സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പൂർവ്വ സൂരികളായ ഉത്പദിഷ്ണുകൾ സംയുക്തമായി നടത്തിയ പ്രയത്‌നമാണ് കേരളത്തിൽ ഒന്നാം നവോത്ഥാനം സാദ്ധ്യമാക്കിയത്. ഇതിലൂടെ അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ഉച്ഛനീചത്വങ്ങൾ, അനീതി തുടങ്ങിയവയിൽ നിന്ന് കേരളത്തെ നല്ലൊരു പങ്ക് വിമുക്തമാക്കി കേരളത്തിന് മാനവിയ മുഖം നൽകുന്നതിന് ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം എൻ. ജി.ഒ യൂണിയൻ ഹാളിൽ ഭരതയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി മേയർ കൊല്ലം മധുവിന് 'കാവ്യസൗഭഗം' എന്ന കവിതാസമാഹാരം കൈമാറി പി. രാമഭദ്രൻ പ്രകാശനം ചെയ്തു. ഭരത പ്രസിഡന്റ് കൊല്ലം ശേഖർ അദ്ധ്യക്ഷത വഹിച്ചു. എ. റഹീംകുട്ടി, ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കെ. പി. ഉണ്ണികൃഷ്ണൻ, കെ. വി. ജ്യോതിലാൽ, കെ.വി. രാമാനുജൻ തമ്പി, പൊന്നാനി സിവിൽ സർവ്വീസ് അക്കാഡമി അദ്ധ്യാപികയും കവയിത്രിയുമായ വിനീത വിജയൻ, അപ്‌സര ശശികുമാർ, നീരാവിൽ വിശ്വമോഹനൻ, കുരീപ്പുഴ ഷാനവാസ്, ലതിക കരിക്കോട്, ഉമാ സാന്ദ്ര എന്നിവർ സംസാരിച്ചു.