കൊല്ലം : സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനും അന്ധവിശ്വാസവും അനാചാരവും തടയുന്നതിനും ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനുമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്ര 23, 24 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. അരുവിപ്പുറത്ത് നിന്ന് 22 ന് ആരംഭിക്കുന്ന യാത്ര 23 ന് വൈകിട്ട് 4 ന് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ലൈബ്രറിയിലെ സ്വരലയ ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ക്യാപ്ടനും ഡോ.പി.കെ.ഗോപൻ മാനേജരുമായ ജാഥ 24 ന് രാവിലെ 9 ന് കൊട്ടാരക്കര മുൻസിപ്പൽ ഗ്രൗണ്ടിൽ എത്തിച്ചേരും.11 ന് പുനലൂർ താലൂക്കിലെ സ്വീകരണം അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ ഏറ്റുവാങ്ങും. ഉച്ചക്ക് 2ന് പത്തനാപുരം താലൂക്കിന്റെ സ്വീകരണം ഏറ്റുവാങ്ങി 3ന് കുന്നത്തൂർ താലൂക്കിന്റെ സ്വീകരണം ഭരണിക്കാവിൽ ഏറ്റുവാങ്ങും. വൈകിട്ട് 5 ന് കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനത്തിൽ കരുനാഗപ്പള്ളി താലൂക്കിന്റെ സ്വീകരണം ഏറ്റുവാങ്ങുമെന്ന് ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ എന്നിവർ അറിയിച്ചു.