intuc-

കൊല്ലം: കശുഅണ്ടി തൊഴിലാളികൾ പ്രോവിഡന്റ് ഫണ്ടിലേക്ക് അടച്ച തുക അനുകൂല്യങ്ങളോടെ തിരികെ നൽകുന്നത് തൊടുന്യായങ്ങൾ പറഞ്ഞ് നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി)​ നേതൃത്വത്തിൽ കൊല്ലം സബ് റീജിയണൽ പി.എഫ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

പരാതികൾ പരിഹരിക്കുന്നതിന് ഫാക്ടറി തലത്തിൽ പി.എഫ് അദാലത്തുകൾ സംഘടിപ്പിക്കുക, 1980ന് മുമ്പ് ജോലിയിൽ പ്രവേശിപ്പിച്ച കശുഅണ്ടി തൊഴിലാളികൾക്ക് ആധാർ വെരിഫിക്കേഷനില്ലാതെ ആനുകൂല്യങ്ങൾ നൽകുക, പ്രോവിഡൻസ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ 8.5 ശതമാനമാക്കി പുനഃസ്ഥാപിക്കുക, ഓഫീസിലെത്തുന്ന തൊഴിലാളികളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും.

സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ശൂരനാട്‌ എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, യൂണിയൻ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, പെരിനാട് മുരളി, ടി.ആർ.ഗോപകുമാർ, കുന്നത്തൂർ ഗോവിന്ദ പിള്ള, രഘു പാണ്ഡവപുരം, ഒ.ബി.രാജേഷ്, ചാലൂക്കോണം അനിൽകുമാർ, കുണ്ടറ ശ്രീനിവാസൻ, കെ.രമണൻപിള്ള, പി.മോഹൻലാൽ, അയത്തിൽ ശ്രീകുമാർ, മുനീർബാനു, ബാബു, സരസൻപിള്ള, സിന്ധു തുടങ്ങിയവർ സംസാരിച്ചു.