photo
കൊട്ടാരക്കരയിൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി മന്ത്രി കെ.എൻ.ബാലഗോപാലും ഉദ്യോഗസ്ഥ സംഘവും എത്തിയപ്പോൾ

325 കോടിയുടെ പദ്ധതി

ഭൂമി ഏറ്റെടുക്കാൻ 100 കോടി

2.2 കിലോ മീറ്റർ ദൂരത്തിൽ

1.2 കിലോ മീറ്റർ നീളത്തിൽ മേൽപ്പാലം

കൊല്ലം : കൊല്ലം-തിരുമംഗലം ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കരയിൽ ബൈപ്പാസ് വരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ബൈപ്പാസ് നിർമ്മിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനായി മാത്രം 100 കോടി രൂപ വേണ്ടിവരും. ആകെ ബൈപ്പാസ് നിർമ്മാണത്തിന് 325 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജനുവരി 15ന് കിഫ്ബിയുടെ ബോർഡ് മീറ്റിംഗിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. അതിന് ശേഷം നാലുവരി ബൈപ്പാസിനുള്ള ഭൂമി അളന്ന് കല്ലിടും. കല്ലിടുമ്പോൾ മാത്രമേ പുറമ്പോക്ക് ഭൂമിയെത്ര, സ്വകാര്യ ഭൂമിയെത്ര എന്ന കണക്ക് ലഭ്യമാവുകയുള്ളു. 2.2 കിലോ മീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമ്മിക്കുക. എം.സി റോഡിൽ രവി നഗറിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപത്തുനിന്ന് തുടങ്ങി ദേശീയപാതയിലൂടെ കടന്ന് ഗോവിന്ദമംഗലം റോഡുവഴി മൈലം മുരളീസ് ക്ളിനിക്കിന് മുന്നിലെത്തുംവിധത്തിലാണ് ബൈപ്പാസ് റോഡ് വരുന്നത്. കൊട്ടാരക്കര- പുനലൂർ റോഡിൽ കണ്ണാശുപത്രിയ്ക്ക് സമീപത്തായാണ് ദേശീയപാത കടന്ന് ബൈപ്പാസ് പോവുക.

ഫ്ളൈ ഓവർ നിർമ്മിക്കും

ബൈപ്പാസിന് 2.2 കിലോ മീറ്റർ നീളമാണ് ഉള്ളതെങ്കിലും ഇതിൽ 1.2 കിലോ മീറ്റർ നീളത്തിൽ മേൽപ്പാലം നിർമ്മിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. മേൽപ്പാലവും നാലുവരിയാണ് . കൂടുതൽ തുക ഇതിനായി മാറ്റേണ്ടിവരും.

പൊളിക്കേണ്ടത് 20 കെട്ടിടങ്ങൾ

ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപഗ്രഹ സർവേയടക്കം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 20 കെട്ടിടങ്ങൾ മാത്രമേ പൊളിക്കേണ്ടതായി വരുന്നുള്ളൂ.

സാദ്ധ്യതാ പരിശോധന

മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ ബൈപ്പാസിന്റെ സാദ്ധ്യത വിലയിരുത്താനെത്തി. കേരള റോഡ്സ് ഫണ്ട് പ്രോജക്ട് ഡയറക്ടർ ഡിങ്കി ഡിക്രൂസ്, കിഫ്ബി ഇൻസ്പക്ഷൻ വിഭാഗം എക്സി.ഡയറക്ടർ കെ.പി.പുരുഷോത്തമൻ, എൽ.എസ്.മുരളി, ടി.രാജീവൻ, ആർ.ജി.സജീവ്, ഡിറ്റി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘവും നഗരസഭ ഭാരവാഹികളും പങ്കെടുത്തു.

കൊട്ടാരക്കര പട്ടണത്തിന്റെ വികസനത്തിന് വഴി തുറക്കുകയാണ്. ബൈപ്പാസ് വന്നാൽ പുലമൺ മേല്പാലത്തിന്റെ ആവശ്യകത ഇല്ല. എന്നാൽ ആ പദ്ധതി നിലവിൽ മുന്നോട്ടുപോവുകയാണ്. ബൈപ്പാസാണ് ശരിയ്ക്കും ആവശ്യം. കിഫ്ബിയിൽ ഉൾപ്പെടുത്തി ഇത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ഗതാഗത കുരുക്കിനും പരിഹാരമാകും.

കെ.എൻ.ബാലഗോപാൽ

മന്ത്രി