
കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കോട്ടയ്ക്കകം കൊട്ടാരം നഗർ- 116 മാമൂട്ടിൽ വടക്കതിൽ വീട്ടിൽ അജയകുമാർ- സീന ദമ്പതികളുടെ ഏക മകൻ അക്ഷയ് അജയകുമാറാണ് മരിച്ചത്.
കോട്ടയ്ക്കം എൻ.ബി.ആർ.ആർ ലൈബ്രറിയിൽ ഒരുക്കിയ ബിഗ് സ്ക്രീനിലാണ് അക്ഷയും കൂട്ടുകാരും മത്സരം കണ്ടത്. അർജന്റീന വിജയിച്ചതോടെ ആഘോഷം തുടങ്ങി. കടുത്ത അർജന്റീന ആരാധകനായ അക്ഷയും അവർക്കൊപ്പം ചേർന്നു. കോട്ടയ്ക്കകം നടപ്പാലത്തിന് സമീപത്ത് നിന്ന് ഇരുമ്പ് പാലത്തിന് അടുത്തേക്ക് പോകുന്നതിനിടെ അക്ഷയ് റോഡുവക്കിൽ വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഷ്ടമുടി ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്നു. വിജയാവേശത്തിലുണ്ടായ ശ്വാസതടസമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കൂടുതൽ വ്യക്തത വരു. മൃതദേഹം മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.