കൊല്ലം: സാമ്പ്രാണിക്കോടിത്തുരുത്ത് കോർപ്പറേഷന്റെ പരിധിയിൽ വരുന്ന പ്രദേശത്താണെന്നും ഇതുമായി ബന്ധപ്പെട്ട് തൃക്കരുവ പഞ്ചായത്തുമായുള്ള തർക്കം പരിഹരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. കൗൺസിൽ യോഗത്തിൽ അഷ്ടമുടിക്കായൽ ശുചീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മേയർ പ്രസന്ന ഏണസ്റ്റ്.

ജില്ലാആശുപത്രി, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം അഷ്ടമുടിക്കായലിലേക്ക് ഒഴുക്കുന്നുണ്ട്. ഇവിടങ്ങളിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് മാലിന്യം സംസ്കരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജി. ഉദയകുമാർ, എസ്.ജയൻ, യു.പവിത്ര, ഹണി ബഞ്ചമിൻ, കൗൺസിലർമാരായ ടി.ജി. ഗിരീഷ്, കുരുവിള ജോസഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കല്ലുപാലം 15ന് തുറക്കും

നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന കല്ലുപാലത്തിന് പകരമുള്ള പുതിയ കോൺക്രീറ്റ് പാലം ജനുവരി 15ന് തുറക്കുമെന്ന് മേയർ പറഞ്ഞു. എം.മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കരാറുകാരനുമായി നടത്തിയ ചർച്ചയിൽ അപ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കി എത്രയും വേഗം പാലം തുറന്നുകൊടുക്കാൻ ധാരണയായതായും മേയർ പറഞ്ഞു