കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ച അക്ഷയിന്റെ വിയോഗം സുഹൃത്തുകൾക്കും നാട്ടുകാർക്കും തീരാവേദനയായി. അഷ്ടമുടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന അക്ഷയ് അടുത്തറിയുന്നവർക്ക് ഏറെ പ്രീയപ്പെട്ടവനായിരുന്നു.

കോട്ടയ്ക്കകം കൊട്ടാരം നഗർ- 116 മാമൂട്ടിൽ വടക്കതിൽ വീട്ടിൽ അജയകുമാർ- സീന ദമ്പതികളുടെ ഏക മകനുമായിരുന്നു. ഏകമകന്റെ വിയോഗം കുടുംബത്തെയും തളർത്തിക്കളഞ്ഞു. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായ അക്ഷയ് പ്ളസ് വൺ വിദ്യാഭ്യാസത്തിനായി അഷ്ടമുടി സ്കൂളിൽ ചേരുകയായിരുന്നു. അല്പകാലം കൊണ്ടു സഹപാഠികൾക്ക് പ്രീയപ്പെട്ടവനായി അക്ഷയ് മാറി.

ഇന്നലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹം കണ്ട് യാത്രാമൊഴി നേരുമ്പോൾ സഹപാഠികളുടെയും അദ്ധ്യാപകരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഫുട്ബാൾ ആരാധകനായിരുന്ന അക്ഷയ് സ്കൂളിലും നാട്ടിലും ടീമുകളിൽ അംഗമായിരുന്നു. കോട്ടയ്ക്കകം എൻ.ബി.ആർ.ആർ ലൈബ്രറിയിൽ ഒരുക്കിയ ബിഗ് സ്ക്രീനിലാണ് അക്ഷയും കൂട്ടുകാരും ലോകകപ്പ് ഫൈനൽ മത്സരം കണ്ടത്. അർജന്റീന വിജയിച്ചതോടെ ആഘോഷം തുടങ്ങി. അവർക്കൊപ്പം ചേർന്ന അക്ഷയ് റോഡുവക്കിൽ തളർന്ന് വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്വാസകോശത്തിൽ ചെറിയ നീർക്കെട്ടുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടതായി പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. വീഴ്ചയുടെ ആഘാതത്തിൽ മൂക്കിന് ക്ഷതമേറ്റിരുന്നു. ചെറിയ തോതിൽ രക്തസ്രാവവും ഉണ്ടായിരുന്നു.