കരുനാഗപ്പള്ളി: കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വ്യവസായ ഉത്പ്പന്നങ്ങളുടെ പ്രദർശന വിപണന മേള ആരംഭിച്ചു. 25 ന് മേള സമാപിക്കും. പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ആദ്ധ്യക്ഷയായി. നഗരസഭാ വൈസ് ചെയർപേർസൺ സുനിമോൾ ആദ്യ വില്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ തോമസ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസലർ രമ്യ സുനിൽ, ഭദ്രകുമാർ എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ വ്യവസായ ഓഫീസർ അനിൽകുമാർ സ്വാഗതവും നഗരസഭാ വ്യവസായ വികസന ഓഫീസർ ലത നന്ദിയും പറഞ്ഞു. കൈത്തറി തുണിത്തരങ്ങൾ,നാച്ചുറൽ ഐസ്ക്രീം, ചക്ക ഉത്പ്പന്നങ്ങൾ, വാഴപ്പിണ്ടി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 20 ശതമാനം റിബേറ്റും, നാടൻ വെളിച്ചെണ്ണ, ക്രിസ്മസ് കേക്കുകൾ എന്നിവയ്ക്ക് 5 ശതമാനം റിബേറ്റും നൽകുന്നു. കൂടാതെ കറിപ്പൗഡറുകൾ സ്നാക്സുകൾ, ഗാർമെന്റ്സ്, ഇരുമ്പിൽ തീർത്ത വീട്ടുപകരണങ്ങൾ കരകൗശല ഉത്പ്പന്നങ്ങൾ, നാളികേര ഉത്പ്പന്നങ്ങൾ, അലങ്കാര നെറ്റിപ്പട്ടം ,ഹൽവ ,പപ്പടം തുടങ്ങി നിരവധി ഉത്പ്പന്നങ്ങളും ഫാക്ടറി വിലയിൽ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.