അഞ്ചൽ: സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്റെ സുവർണ ജൂബിലി ആഘോഷവും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും 23 ന് നടക്കും. വൈകിട്ട് 3.30 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്കുള്ള കാർഡ് വിതരണം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കെ.ബി. ഗണേശ് കുമാർ എം.എൽ.എ. അദ്ധ്യക്ഷനാകും. ജോലിയിൽ മികവ് പുലർത്തിയ ജീവനക്കാർക്കും ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്കും മന്ത്രി എ.കെ. ശശീന്ദ്രൻ ഉപഹാരങ്ങൾ വിതരണം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി., എം.എൽ.എ.മാരായ പി.എസ്. സൂപാൽ,കെ.യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 9 മണിക്ക് ഫോട്ടോ എക്സിബിഷൻ, ഡോക്യുമെന്ററി പ്രകാശനം, ജിവനക്കാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗം കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ മുൻ ചെയർമാൻമാർ, മാനേജിംഗ് ഡയറക്ടർമാർ വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ടിച്ച മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ആദരിക്കും. രാത്രി 8 മുതൽ ഗാനമേള, സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപനത്തിലെ 124 തൊഴിലാളികളെ സ്ഥിരപ്പെടുത്തും. നാഷണൽ ബീ കീപ്പിംഗ് ആൻഡ് ഹമീ മിഷന്റെ സാമ്പത്തിക സഹായത്തോടെ ഒരു തേൻ സംസ്കരണ ശാലയും ഹണീബീ ട്രെയ്നിംഗ് ആൻഡ് ഇൻഫർമേഷൻ സെന്ററും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണെന്ന് മാനേജിംഗ് ഡയറക്ടർ എൽ. ഷിബു കുമാർ പറഞ്ഞു.