പുനലൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിൽ ടിപ്പർ ലോറി ഇടിച്ച് പോണ്ടിച്ചേരി സ്വദേശികളായ മൂന്ന് വനിതകൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഉറുകുന്ന് കോളനി ജംഗ്ഷനിലായിരുന്നു അപകടം. 32തീർത്ഥാടകരുമായി പോണ്ടിച്ചേരിയിൽ നിന്ന് എത്തിയവർ സഞ്ചരിച്ചിരുന്ന മിനി ബസിന്റെ മുൻ ഭാഗത്ത് പുനലൂർ ഭാഗത്ത് നിന്നെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നിസാര പരക്കേറ്റ മൂന്ന് പേരെയും പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകി. സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനന്റെ നേതൃത്വത്തിലുളള നാട്ടുകാർ ഇന്നലെ രാവിലെ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുമായി ബന്ധപ്പെട്ട് തീർത്ഥാടകരെ പമ്പയിലെത്തിച്ചു. അപകടത്തിൽ മിനി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. തെന്മല പൊലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.