kerala

കൊട്ടാരക്കര: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ എൻജിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ. ബംഗളൂരു അഡുഗോഡി സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് (47)കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയുടെ പരാതിയിൽ കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം പിടികൂടിയത്.

ഡാറ്റ എൻട്രി ജോലിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർത്ഥികളിൽ നിന്നും ശമ്പളം അയയ്ക്കാനുള്ള യു.പി.ഐ ഐ.ഡി ആവശ്യപ്പെടുകയും ഫോട്ടോയും ഒപ്പും വ്യാജ വെബ്സൈറ്റിൽ അപ്പ്ലോഡ് ചെയ്യിപ്പിക്കുകയും ചെയ്തു. തുടർന്ന് ശമ്പളം ലഭിക്കണമെങ്കിൽ സോഫ്ട് വെയർ ചാർജ്, ക്രെഡിറ്റ് സ്കോർ ഉയർത്തൽ, ലീഗൽ ചാർജ് എന്നിവയ്ക്കായി 50000രൂപ ആവശ്യപ്പെട്ടു. പണം അയച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടത്. തുടർന്ന് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകുകയായിരുന്നു. 30 പേർ ഇതിനകം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.