എഴുകോൺ : എഴുകോണിൽ സിവിൽ കോപ്ലംക്സിന് സാദ്ധ്യത തെളിയുന്നു. മന്ത്രി കെ. എൻ.ബാലഗോപാൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എഴുകോണിലെ വികസനമുരടിപ്പിന് വിരാമമിടാൻ സിവിൽ കോംപ്ലക്സ് വേണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. 2021 ജൂലായിൽ കേരളകൗമുദി ഇതു സംബന്ധിച്ച് വാർത്ത നൽകിയതോടെ വിഷയം സജീവമായി. തുടർന്ന് നിലവിൽ പഞ്ചായത്ത് ചന്ത പ്രവർത്തിക്കുന്ന ഭൂമിയിൽ കോംപ്ലക്സ് നിർമ്മിക്കാനും ഇതിന് കൺസൾട്ടൻസിയെ നിയോഗിക്കാനും ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ തീരുമാനമായി. പിന്നീട് മന്ദഗതിയിലായ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മന്ത്രിയുടെ ഇടപെടലിലൂടെ ജീവൻ വയ്ക്കുന്നത്.
ഹൈടെക് സംവിധാനങ്ങൾ
നെടുവത്തൂർ ഏരിയായിലെ വികസന പോരായ്മകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം. നെടുവത്തൂർ ഏരിയാ കമ്മിറ്റിയും മന്ത്രിക്ക് കത്ത് നൽകിയിരുന്നു. എഴുകോൺ മാർക്കറ്റും ഓഫീസ് കെട്ടിടങ്ങളും ഏറെ നാളുകളായി ശോച്യാവസ്ഥയിലാണ്. പരിശോധനയിൽ ബാലഗോപാലിനും ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. ഹൈടെക് മാർക്കറ്റ്, മൾട്ടി പ്ലസ് തിയേറ്റർ, സബ് രജിസ്ട്രാർ, വില്ലേജ് ഓഫീസുകൾ, വ്യാപാര സമുച്ചയം, അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് കോംപ്ലക്സിൽ ലക്ഷ്യമിടുന്നത്. വില്ലേജ്, സബ് രജിസ്ട്രാർ ഓഫീസുകൾക്ക് പുതിയ കെട്ടിടം പണിയാൻ തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അനുയോജ്യമായ ഭൂമി കണ്ടെത്താത്തതിനാൽ മുടങ്ങിപ്പോയി. പുതിയ സർക്കാർ ഓഫീസുകൾക്കും നിലവിൽ വാടക കെട്ടിടങ്ങളിലുള്ള പൊതു-സഹകരണ ധനകാര്യ സ്ഥാപനങ്ങൾക്കും ഓഫീസ് സംവിധാനം സൗകര്യപ്പെടുന്ന വിധമായിരിക്കും കോംപ്ലക്സ് സജ്ജീകരിക്കുന്നത്.
വഴിയാണ് പ്രധാന പ്രശ്നം
കോംപ്ലക്സിലേക്ക് കടക്കുന്ന വാഹനങ്ങൾ സുഗമമായി പുറത്തേക്ക് പോകുന്നതിനുള്ള വഴിയൊരുക്കുന്നതാണ് നവീകരണം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഇത് പരിഹരിക്കാൻ സ്വകാര്യ ഭൂമിയടക്കം ലഭിക്കുന്ന സാഹചര്യം പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ പറഞ്ഞു. രതീഷിന് പുറമേ ജില്ലാ പഞ്ചായത്തംഗം വി.സുമലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്. കനകദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, അംഗങ്ങളായ അഡ്വ.ബിജു എബ്രഹാം, ആർ.വിജയ പ്രകാശ്, രഞ്ജിനി അജയൻ, ബീന മാമച്ചൻ, മഞ്ചു രാജൻ, സി.പി.എം. നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ഓമനക്കുട്ടൻ, എം.പി.മനേക്ഷ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കപ്പൻ പിള്ള തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഓഫീസുകളും മാർക്കറ്റും പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്.
പാർക്കിംഗ് ഒരു പ്രധാന പ്രശ്നമാണ്.
മന്ത്രി കെ.എൻ. ബാലഗോപാൽ