flate
നിർമാണം പൂർത്തിയാക്കിയ പള്ളിത്തോട്ടം കുളിർമ ഫ്ലാറ്റ് സമുച്ചയിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ മത്സ്യത്തൊഴിലാളികൾ അല്ലാത്ത 65 കുടുംബങ്ങൾക്ക് ലൈഫ് പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കുളിർമ ഫ്‌ളാറ്റ് സമുച്ചയത്തിലെ 48 വീടുകളുടെ ഉദ്ഘാടനവും താക്കോൽദാനവും പള്ളിത്തോട്ടം കുളിർമ ഫ്ളാറ്റ് സമുച്ചയ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ലൈഫ് പദ്ധതിയിലൂടെ മാത്രം കേരളത്തിൽ 3,24,825 വീടുകൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷത്തോടെ നാല് ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു.

മാതൃകാപരമായ പ്രവർത്തന കാഴ്ചവയ്ക്കുന്ന കൊല്ലം കോർപ്പറേഷനെ മന്ത്രിമാർ അഭിനന്ദിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ.ഷേയ്ക്ക് പരീത് തുടങ്ങിയവർ പങ്കെടുത്തു.