കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി. അവിശ്വാസത്തിന് കളമൊരുങ്ങി. ലൈഫ് ഭവന പദ്ധതിയുമായും കരിങ്കൽ ക്വാറി പെർമിറ്റ് നൽകുന്നതുമായും ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമയ്ക്കെതിരെ അഴിമതി ആക്ഷേപങ്ങളുണ്ടായി. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പിയും സി.പി.എമ്മും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും തുടർ സമര പരിപാടികളും നടത്തിവരികയാണ്. പഞ്ചായത്ത് ഭരണസമിതി യോഗത്തിലും വിവാദങ്ങൾ ഉടലെടുക്കുകയും ഇടത് അംഗങ്ങളും ബി.ജെ.പിയുടെ അംഗങ്ങളും ഇറങ്ങിപ്പോക്ക് നടത്തുകയുമുണ്ടായി. ഇതിന് ശേഷമാണ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുവാൻ ആലോചന തുടങ്ങിയത്. ആകെ 18 അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. 7 അംഗങ്ങളുള്ള ബി.ജെ.പിയാണ് പ്രബല കക്ഷിയെങ്കിലും സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ആർ.സത്യഭാമ യു.ഡി.എഫ് പിന്തുണയോടെയും നറുക്കെടുപ്പിലൂടെയും പ്രസിഡന്റാവുകയായിരുന്നു. വൈസ് പ്രസിഡന്റും കോൺഗ്രസിനാണ് ലഭിച്ചത്. സി.പി.ഐയ്ക്കും സി.പി.എമ്മിനും രണ്ട് അംഗങ്ങൾ വീതമാണുള്ളത്. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ളയും കോൺഗ്രസിനൊപ്പം നിന്നതാണ് സത്യഭാമയ്ക്ക് പ്രസിഡന്റാകാൻ വഴിയൊരുങ്ങിയത്. എന്നാൽ ആർ.രാജശേഖരൻ പിള്ള പ്രസിഡന്റിനെതിരെ ആക്ഷേപവുമായി രംഗത്തുവരികയും പിന്തുണ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്തതോടെയാണ് ബി.ജെ.പി അവിശ്വാസ പ്രമേയ നോട്ടീസ് നൽകാൻ ആലോചിക്കുന്നത്. കോൺഗ്രസിലെ ഭൂരിപക്ഷം അംഗങ്ങളും പ്രസിഡന്റിനെതിരായി മാറിയതിനാൽ അവിശ്വാസം കൊണ്ടുവന്നാൽ വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ ആലോചന. അതേ സമയം 4 അംഗങ്ങൾ മാത്രമുള്ള ഇടത് പക്ഷത്തിന് അവിശ്വാസപ്രമേയം കൊണ്ടുവരുവാൻ കഴിയില്ല. പ്രസിഡന്റിനെതിരെ ഇടത് പക്ഷം സമരപരിപാടികൾ തുടങ്ങിയിട്ടുള്ളതിനാൽ അവിശ്വാസ പ്രമേയത്തിന് എതിരെ അവർ നിലപാട് എടുക്കില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ആർ.സത്യഭാമയെ നീക്കം ചെയ്താൽ വീണ്ടും പുതിയ പ്രസിഡന്റിനായി രാഷ്ട്രീയ നാടകങ്ങൾ ഏറെ വേണ്ടിവരും. ബി.ജെ.പിയുടെ പ്രസിഡന്റ് വരാതിരിക്കാനായി ഇടത് കേന്ദ്രങ്ങൾ ശക്തമായ ഇടപെടൽ നടത്തും. ആ നിലയിൽ കോൺഗ്രസിനോ കേരള കോൺഗ്രസ് പ്രതിനിധിക്കോ പ്രസിഡന്റ് സ്ഥാനം ലഭിക്കാനും ഇടയുണ്ട്. ഇടത് പക്ഷം പൂർണമായും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ ബി.ജെ.പിയ്ക്ക് പഞ്ചായത്ത് ഭരണം ലഭിക്കും. ജില്ലാ നേതൃത്വമടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.