
 കുഴിയാനിമുക്ക്- കുരുന്നാമണി ക്ഷേത്രം ഓട നിർമ്മാണം പുനരാരംഭിക്കാൻ നടപടി
കൊല്ലം: ഓട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ വെള്ളപ്പൊക്കം പതിവായ ചാത്തിനാംകുളം കുരുന്നാമണി വയൽ പ്രദേശത്തുകാർക്ക് ഉടൻ ശാപമോക്ഷം. മുടങ്ങിയ ഓട നിർമ്മാണം പുനരാരംഭിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. കുരുന്നാമണി വയൽ പ്രദേശത്തുകാരുടെ ദുരിതങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് കോർപ്പറേഷന്റെ ഇടപെടൽ.
ശേഷിക്കുന്ന ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എസ്റ്റിമേറ്റ് പുതുക്കും. ഇതിന് പുറമേ ഓട നിർമ്മാണത്തിന് തടസം നിൽക്കുന്നവരുമായും നഗരസഭ അനുരഞ്ജന ചർച്ച നടത്തും. ഓട നിർമ്മാണം പൂർത്തിയായാലുടൻ കരയിലൂടെയുള്ള റോഡിന്റെ നിർമ്മാണം ആരംഭിക്കാനും ആലോചനയുണ്ട്. അതിനായി ജനുവരിയിൽ വാർഷിക പദ്ധതി ഭേദഗതി ചെയ്യുമ്പോൾ ഇവിടത്തെ റോഡ് നിർമ്മാണവും ഉൾപ്പെടുത്തും.
ചാത്തിനാംകുളം കുഴിയാനിമുക്കിനും കുരുന്നാമണി ക്ഷേത്രത്തിനും ഇടയിലുള്ള റോഡ് ഓട നിർമ്മാണം മുങ്ങിയിട്ട് മൂന്ന് വർഷമായി. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ നേരത്തെ ഈ ഭാഗത്തുണ്ടായിരുന്ന റോഡിന്റെ വീതി മൂന്നര മീറ്ററിൽ നിന്ന് രണ്ടായി ചുരുങ്ങുകയും ചെയ്തു. ഓടയ്ക്കായി മണ്ണെടുത്ത് കുണ്ടും കുഴിയുമായ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ ഇപ്പോൾ സുഗമമായി സഞ്ചരിക്കാനാകു.
അശാസ്‌ത്രീയം, അപകടകരം
കഷ്ടിച്ച് അര മീറ്റർ പോലും വീതിയില്ലാത്തതായിരുന്നു ഇതുവഴിയുള്ള ഓട. ഒഴുക്ക് സുഗമമാക്കാനെന്ന പേരിലാണ് ഒന്നര മീറ്റർ വീതിയിൽ ഓട നിർമ്മാണം തുടങ്ങിയത്. ഓടയുടെ സ്ലാബിന്റെ ഉയരത്തിൽ ശേഷിക്കുന്ന ഭാഗത്ത് ടാറിട്ട് റോഡ് സമതലമാക്കുമെന്നായിരുന്നു കൗൺസിലറുടെ വാഗ്ദാനം. എന്നാൽ, കുഴിയാനി മുക്കിന് സമീപം ഓട നിർമ്മാണം ചിലർ തടഞ്ഞതോടെ, ബാക്കിയുള്ള കുടുംബങ്ങളെ വെള്ളത്തിലാക്കി അധികൃതർ മുങ്ങി. ഓടയുടെ സ്ലാബും പഴയ റോഡും തമ്മിൽ ഒരടിയോളം വ്യത്യാസമുള്ളതിനാൽ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ ഇതുവഴി വരാറില്ല. ഓട നിർമ്മാണത്തിന്റെ പേരിൽ ഇവടെ നിന്ന് വൻതോതിൽ മണ്ണ് കടത്തിയതോടെ പലയിടങ്ങളിലും വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
മഴയത്ത് ഓടയും റോഡും തമ്മിൽ തിരിച്ചറിയാനാകില്ല. കുറച്ചധികം സ്ഥലത്ത് ഓടയ്ക്ക് മേൽമൂടിയും സ്ഥാപിച്ചിട്ടില്ല. റോഡിന്റെ അവസ്ഥ അറിയാത്തവർ മഴക്കാലത്ത് ഇതുവഴി വന്നാൽ ഓടയിൽ വീഴുമെന്ന കാര്യം ഉറപ്പാണ്.
'' കുരുന്നാമണി പ്രദേശത്തെ ഓട നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് 2015ലെ പൊതുമരാമത്ത് നിരക്ക് പ്രകാരമുള്ളതാണ്. അത് പ്രകാരം ഇപ്പോൾ പണിചെയ്താൽ കരാറുകാരന് കനത്ത നഷ്ടമായിരിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പ്രത്യേകമെടുത്ത് നഗരസഭ പരിശോധിച്ച് വരികയാണ്. അക്കൂട്ടത്തിൽ കുരുന്നാമണിയിലെ ഓടയുമുണ്ട്. 2018ലെ പൊതുമരാമത്ത് നിരക്ക് പ്രകാരം എസ്റ്റിമേറ്റ് പുതുക്കി നിർമ്മാണം പുനരാരംഭിക്കാനാണ് ആലോചന. നിർമ്മാണം പൂർത്തിയാക്കാൻ പ്രദേശവാസികളുമായി ചർച്ച നടത്തും."
ജി.ഉദയകുമാർ, കോർപ്പറേഷൻ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ