കൊല്ലം: സന്നദ്ധ സംഘടനയായ യുവശക്തി മുപ്പത്തിമൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിസ്മസ് കരോൾ പുനരാവിഷ്കരിക്കുന്നു. പട്ടത്താനം ഭാരത രാജ്ഞി ഇടവക വികാരി ഫാ.ലാസർ സേവ്യറിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6.30ന് കരോൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ചിന്നക്കട ബസ്ബേയിൽ രാത്രി 7ന് സിറ്റി പൊലീസ് കമ്മിഷണർ ലഹരി വിരുദ്ധ സന്ദേശം നൽകും. പട്ടത്താനം ഭാരത രാജ്ഞി ഇടവക വികാരിയായിരുന്ന ഫാ.ഫ്രെഡിനാന്റ് പീറ്ററിന്റെ നേതൃത്വത്തിലാണ് യുവശക്തി സ്ഥാപിതമായത്. ജില്ലാ തലത്തിൽ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് ബൈബിൾകലോത്സവം, യുവാക്കൾക്കായി പരീക്ഷണ നാടകങ്ങൾ, ബാലെ, കഥാപ്രസംഗം, ചലച്ചിത്ര ശിൽപ്പശാലകൾ, ഷോർട്ട് ഫിലിം നിർമ്മാണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.