photo
പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തമ്മിലുളള തർക്കം വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടയും, പി.എസ്.സുപാൽ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തു പരിഹരിക്കാൻ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉദ്യാഗസ്ഥരുടെ സംയുക്ത യോഗം

പുനലൂർ: വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയ പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിൽ കെ.എസ്.ഇ.ബിയും റെയിൽവേയും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചു. വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെയും പി.എസ്.സുപാൽ എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ ഇരു വിഭാഗം ഉദ്യാഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മാസങ്ങളായി നീണ്ടുനിന്ന തർക്കം പരിഹരിച്ചത്.

2 ഫേസ് കണക്ഷൻ മതി

നിലവിൽ റെയിൽവേയുടെ എല്ലാ മേഖലകളിലും 2 ഫേസ് കണക്ഷൻ ഉപയോഗിച്ചാണ് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയിട്ടുള്ളതെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ വൈദ്യുതി ലൈൻ വലിക്കൽ പൂർത്തിയാക്കിയ പുനലൂർ-ചെങ്കോട്ട റൂട്ടിൽ ത്രീ ഫേസ് കണക്ഷൻ മാത്രമെ ലഭ്യമാക്കാൻ കഴിയു എന്ന നിലപാട് കെ.എസ്.ഇ.ബി സ്വീകരിച്ചതോടെയാണ് ഇരു വിഭാഗവും തമ്മിൽ തർക്കമായത്. തർക്കത്തെ തുടർന്ന് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയ പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ട് കമ്മിഷൻ ചെയ്യാൻ കഴിയാതെ നീണ്ടുപോകുകായിരുന്നു.

എം.എൽ.എ ഇടപെട്ടു, പരിഹാരമായി

പ്രശ്നം മനസിലാക്കിയ എം.എൽ.എ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് നിവേദനം നൽകി. അങ്ങനെ ഇന്നലെ മന്ത്രിയുടെ ചേംബറിൽ റെയിൽവേയുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്നു. രണ്ട് വിഭാഗം ഉദ്യോഗസ്ഥരും വൈദ്യുതി വിതരണം ചെയ്യുന്നതിനെ സംബന്ധിച്ച് പഴയ നിലപാട് ആവർത്തിച്ചു. എന്നാൽ പുനലൂർ-കൊല്ലം റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കി ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും പുനലൂർ-ചെങ്കോട്ട റൂട്ടിലെ കാര്യത്തിൽ ഏകോപനം ഇല്ലാതെ വികസനം തടസപ്പെടാൻ പാടില്ലെന്നു എം.എൽ.എ അറിയിച്ചു. തുടർന്ന് ഇരു വിഭാഗം ഉദ്യോഗസ്ഥരും അവരവരുടെ രേഖകൾ മന്ത്രിക്ക് കൈമാറി. പിന്നീട് എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച് പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിൽ 2ഫേസ് കണക്ഷൻ നൽകാൻ മന്ത്രി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർ‌ദ്ദേശം നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.

സംയുക്ത യോഗത്തിൽ

പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിൽ 2 ഫെയിസ് ലൈൻ നൽകുന്നതോടെ ജൂണിൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കി വൈദ്യുതി ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രിക്കും എം.എൽ.എക്കും പുറമെ സീനിയർ ഡിവിഷൻ ഇലട്രിക്കൽ എൻജിനീയർ സി.ടി.ജോൺസൻ,റെയിൽവേ ചീഫ് ഇലട്രിക്കൽ എൻജിനീയർ കെ.എം.സജി, ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ രോഹൻ,റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ആർ.രാധാകൃഷ്ണൻ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ആനന്ദ്, ഷാജിപൗലോസ് തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർ സംയുക്ത യോഗത്തിൽ പങ്കെടുത്തു.