തഴവ: ഒരാൾ യഥാർത്ഥ സാക്ഷരനാകണമെങ്കിൽ ഭരണഘടന ഉൾക്കൊള്ളണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തഴവ ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭരണഘടനയുടെ ആശയങ്ങളും മൂല്യങ്ങളും തിരിച്ചറിഞ്ഞ് ഉൾക്കൊള്ളുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ സ്വാഗതം പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം, എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം, സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത് പ്രഖ്യാപനം തുടങ്ങിയവ മന്ത്രി നടത്തി. മനസോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഭൂമി വിട്ടു നൽകിയ രാജേന്ദ്രൻപിള്ള, കെ.ജെ.സിദ്ദിഖ്, ബിനോയ് എന്നിവരെയും മെഡിക്കൽ ഓഫീസർ ഡോ.ജാസ്മിനെയും ചടങ്ങിൽ ആദരിച്ചു. തരിശു രഹിത തഴവ പദ്ധതിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയും ഉദ്ഘാടനം ചെയ്തു. അഡ്വ.ആർ.അമ്പിളികുട്ടൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഗേളീ ഷൺമുഖൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷൈലജ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.ബിജു, മിനി മണികണ്ഠൻ, എസ്.ശ്രീലത, മധു മാവോലിൽ, പഞ്ചായത്ത് സെക്രട്ടറി വി.മനോജ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.