sathya

ഇരവിപുരം: അച്ഛനെ മകൻ ഉലക്ക കൊണ്ടടിച്ച് കൊലപ്പെടുത്തി. ഇരവിപുരം എ.കെ.ജി ജംഗ്ഷനടുത്ത് സ്നേഹനഗർ 163 വെളിയിൽ പുരയിടം മംഗലത്ത് വീട്ടിൽ സത്യബാബുവാണ് (73) മരിച്ചത്. മകൻ രാഹുൽ സത്യനെ (രകുലൻ,​37) ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു.

പൊലീസ് പറയുന്നത്: മദ്യപാനിയായ രാഹുൽ ജോലിക്ക് പോകാതെ വീട്ടിൽ നിന്ന് പണം വാങ്ങിയാണ് മദ്യപിച്ചിരുന്നത്. ഇന്നലെ രാവിലെ നന്നായി മദ്യപിച്ചിരുന്നു. വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കൂലിപ്പണിക്കാരനായ അച്ഛനുമായി വഴക്കിട്ടു. ഇതിനിടയിൽ സത്യബാബുവിനെ ഉലക്ക കൊണ്ട് രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് വീടിനടുത്തുള്ള വഴിയിലേയ്ക്ക് ഇറങ്ങിയ സത്യബാബു റോഡിൽ കുഴഞ്ഞുവീണു.

രക്ഷിക്കാൻ ഓടിക്കൂടിയ നാട്ടുകാർക്കിടയിലും ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആംബുലൻസിൽ സത്യബാബുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സത്യബാബുവിന്റെ ഭാര്യ: രമണി. മകൾ: രാഖി സത്യൻ,​ മരുമകൻ:അനിൽകുമാർ.